വനസംരക്ഷണ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പരാതി സമർപ്പിക്കൽ 14 ന് കാഞ്ചിയാർ അഞ്ചുരുളിയിൽ തുടക്കം.
കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതി 2023 വ്യവസ്ഥകൾ അനുസരിച്ച് കൃഷിക്കാരും കച്ചവടക്കാരും ആദിവാസികളും അടക്കമുള്ളവർ വനംവകുപ്പിന്റെ നിയന്ത്രണങ്ങളിൽ നിന്നും തങ്ങളുടെ ഭൂമി വേർപ്പെടുത്തി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികൾ രേഖകൾ സഹിതം സമർപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇടുക്കി ജില്ലയിൽ അഞ്ചുരുളിയിൽ നിന്ന് ജൂലൈ 14ആം തീയതി ആരംഭിക്കുമെന്ന് വിവിധ കർഷക സാമൂഹ്യ സംഘടന നേതാക്കൾ കട്ടപ്പനയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
വന നിയമത്തിലെ ഭേദഗതി പ്രകാരം 1996 ഡിസംബർ 12ന് മുമ്പ് വനഭൂമിയിൽ ഉണ്ടായിരുന്ന കർഷകരും ആദിവാസികളും കച്ചവടക്കാരും അടക്കമുള്ളവർക്ക് അവരുടെ ഭൂമി അവകാശങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ നിന്ന് വേർപ്പെടുത്തുന്നതിന് അവസരമുണ്ട്.
ഇത്തരം വനേതര പ്രവർത്തനം നടത്തിയിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രസർക്കാരിനും സുപ്രീംകോടതിക്കും നൽകുന്ന ആവശ്യത്തിനായി കേരളത്തിൽ ഒരു ഉന്നത അധികാര സമിതിയെ രൂപീകരിക്കുവാൻ കേന്ദ്ര വനം മന്ത്രാലയം ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മെയ് പതിനാറിന് ആറംഗ സമിതി രൂപീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
സമിതിയുടെ കാലാവധി സെപ്റ്റംബറിൽ തീരും.
ഒക്ടോബർ 14ന് കേന്ദ്രസർക്കാരിനും സുപ്രീംകോടതിക്കും റിപ്പോർട്ട് നൽകേണ്ടതാണ്.
എന്നാൽ ഈ സമിതിയെ പറ്റിയുള്ള വിവരങ്ങൾ ജനങ്ങളിൽ എത്തിയിട്ടില്ല.
എവിടെ ആർക്ക് ഏതെല്ലാം രേഖകൾ സഹിതം പരാതി നൽകണം എന്നും വിശദീകരണമില്ല.
സമിതിയുടെ കാലാവധി സെപ്റ്റംബറിൽ തീരും.
അതിന് മുൻപായി രേഖകൾ ശേഖരിച്ച് ഫലപ്രദമായി പരാതി നൽകുവാൻ കർഷകർക്കും താമസക്കാർക്കും കഴിയണമെന്നില്ല.
ഈ സാഹചര്യത്തിലാണ് നിയമത്തിന്റെ ആനുകൂല്യം കർഷകർക്കും കച്ചവടക്കാർക്കും ആദിവാസികൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി സംഘടനകൾ മുൻകൈയെടുത്ത് പ്രവർത്തനം സംഘടിപ്പിക്കുന്നത്.
ഇടുക്കി റിസർവോയറിന്റെ ചുറ്റിലുമായി ഉപ്പുതറ, കാഞ്ചിയാർ ,അറക്കുളം, ഉടുമ്പന്നൂർ, വാഴത്തോപ്പ് ,കാമാക്ഷി,കട്ടപ്പന മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് കർഷകർ ഈ നിയമത്തിൻറെ ആനുകൂല്യത്തിന് അർഹരാണ്.
ഇവരുടെ ഭൂമി അവകാശങ്ങൾ സംബന്ധിച്ച രേഖകൾ വിവിധ വകുപ്പുകളിൽ നിന്ന് ശേഖരിച്ച് പരാതി നൽകുന്ന പ്രവർത്തനമാണ് ഇപ്പോൾ തുടങ്ങുന്നത്.
ഇടുക്കി ജില്ലയിലും ആലപ്പുഴ ഒഴികെ 13 ജില്ലകളിലും ആരംഭിക്കുവാൻ പോകുന്ന കർഷകപക്ഷ ഇടപെടലുകളുടെ തുടക്കമാണ് പതിനാലാം തീയതി അഞ്ചുരുളിയിൽ നടക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു
സംസ്ഥാനത്തെ ഏറ്റവും അധികം ആളുകൾ പരാതിക്കാരായി ഉണ്ടാകുന്ന ജില്ല ഇടുക്കി ആണ്.
1980 ഒക്ടോബർ 24 നോ അതിനുശേഷമോ വനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഭൂപ്രദേശത്ത് 1996 ഡിസംബർ 12ന് മുമ്പ് ആരെങ്കിലും താമസിക്കുകയോ കാലി വളർത്തുകയോ കച്ചവടം ചെയ്യുകയോ ഒക്കെ ചെയ്തിരുന്നതായി തെളിഞ്ഞാൽ ആ ഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിക്ക് പുറത്തായിരിക്കും എന്നാണ് നിയമഭേദഗതിയിലെ സുപ്രധാന ഭാഗം .
ഇടുക്കിയിലെ സി എച്ച് ആർ പ്രദേശം ഉൾപ്പെടെ ഭൂരിപക്ഷം ഹൈറേഞ്ച് പ്രദേശങ്ങളും ഈ നിയമ ആനുകൂല്യത്തിൻ്റെ പരിധിയിൽ വരും എന്ന സംഘാടകർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ അഡ്വക്കേറ്റ് ഷൈൻ വർഗ്ഗീസ്, ഷാജി വേലം പറമ്പിൽ , ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, വിനി രാജ് മണിമലയിൽ, ചിത്രാ കൃഷ്ണൻ കുട്ടി, ഷാജി ചൂരക്കാട്ട്, ജോയിച്ചൻ കാടങ്കാവിൽ , ബിബിൻസ് കൊച്ചു ചേന്നാട്ട്, ബാബു പുളിമൂട്ടിൽ, കെ.പി ഫിലിപ്പ് എന്നിവർ പങ്കെടുത്തു