കൊന്നത്തടി പഞ്ചായത്തിൽ 2000 കണിപ്പറമ്പൻ ഏലത്തട്ടകൾ വിതരണം ചെയ്തു
ഏലം അഗ്രോ-ഇക്കോളജി പ്രൊജക്റ്റിന്റെ ഭാഗമായി ഇടുക്കിയിലെ നൂറോളം കർഷകർക്ക് ഏലത്തട്ട വിതരണം നടന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് (പാൻ ) ഇന്ത്യയുടെ നേതൃത്വത്തിൽ ഇടുക്കിയിലെ ഏലം കൃഷിയിൽ വ്യാപകമായ രാസകീടനാശിനി പ്രയോഗം കുറക്കാനും സുസ്ഥിരമായ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഏലം അഗ്രോ-ഇക്കോളജി പ്രൊജക്റ്റ്. 2023 സെപ്തംബറിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൊന്നത്തടി പഞ്ചായത്തിലെ 3,4,5 എന്നീ വാർഡുകളിലെ ഏലം കർഷകർക്കായാണ് കണിപ്പറമ്പൻ ഇനത്തിൽപ്പെട്ട ഏലത്തട്ടകൾ വിതരണം ചെയ്തത്.
മുനിയറഅമ്പലഹാളിൽ ഉച്ചക്ക് രണ്ട് മണി മുതൽ നടന്ന പരിപാടി കൊന്നത്തടി നാലാം വാർഡ് മെമ്പർ അച്ചാമ്മ ജോയ് കർഷകർക്ക് തട്ട നൽകി ഉദ്ഘാടനം ചെയ്തു.
ഇക്കഴിഞ്ഞ വേനലിൽ ഈ മേഖലയിലെ ഭൂരിഭാഗം വരുന്ന കർഷകരുടെയും തൈകൾ ഉണങ്ങിപോയിരുന്നു. ഈ സാഹചര്യത്തെ കണക്കിലെടുത്താണ് പാൻ ഇന്ത്യയുടെ നേതൃത്വത്തിൽ കർഷകർക്കായി മികച്ച ഇനം തട്ടകൾ വിതരണം ചെയ്തത്. കണിപ്പറമ്പൻ ഇനത്തിൽപെടുന്ന തൈകളുടെ തട്ടകൾക്ക് മറ്റ് ഇനങ്ങളെക്കാൾ കട്ടിയും ശരങ്ങൾക്ക് നീളവും കൂടുതലാണ്. ഇവക്ക് കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷിയും കൂടുതലാണ്. ഏലത്തട്ട വിതരണത്തിനുശേഷം പ്രൊജക്റ്റ് കോർഡിനേറ്ററായ സി കെ ഹീര പ്രോജെക്ടിന്റെ തുടർപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പ്രൊജക്റ്റ് ഓഫീസർ സി കെ ശില്പമോൾ തൈകളുടെ പരിപാലനരീതികളെക്കുറിച്ച് കർഷകരോട് സംസാരിച്ചു. ഫീൽഡ് ഓഫീസർ ശ്രീദേവി പുഷ്പ്പൻ പരിപാടിയിൽ നന്ദി പറഞ്ഞു.