ദുൽഖറും മൃണാളും എത്തുന്നത് പ്രഭാസിന്റെ അച്ഛനും അമ്മയുമായി?; കൽക്കിയെക്കുറിച്ച് പുതിയ റിപ്പോർട്ട്


വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കൽക്കി 2898 എഡി. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ നടൻ ദുൽഖർ സൽമാനും ഭാഗമാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ സജീവമാണ്. ഇപ്പോഴിതാ നടന്റെ കഥാപാത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
സിനിമയിൽ പ്രഭാസിന്റെ പിതാവിന്റെ വേഷത്തിലാകും ദുൽഖർ എത്തുക എന്നാണ് പുതിയ വാർത്ത. ഒപ്പം പ്രഭാസിന്റെ അമ്മയായി മൃണാൾ താക്കൂറുമെത്തും എന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും കാമിയോ വേഷങ്ങളിലാകുമെന്നാണ് സൂചന. നേരത്തെ സീതാരാമം എന്ന ചിത്രത്തിൽ ദുൽഖറും മൃണാളും ജോഡികളായെത്തിയിരുന്നു.
ദുൽഖർ, മൃണാൾ എന്നിവർക്ക് പുറമെ വിജയ് ദേവരകൊണ്ട, നാനി തുടങ്ങിയവരുടെ കഥാപാത്രങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അർജുനനായാകും വിജയ് ദേവരകൊണ്ട എത്തുകയെന്നും കൃഷ്ണനെയാകും നാനി അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ, ശോഭന തുടങ്ങിയ വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. തമിഴകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് കല്‍ക്കി 2898 എഡിയുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും.