കയ്യടി വാങ്ങിയ, ആരാധന തോന്നിപ്പിച്ച, വ്യക്തിത്വമുള്ള വില്ലൻ; അരങ്ങൊഴിയാത്ത എൻ എഫ് വർഗീസ്
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 22 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം പിടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു എൻ എഫ് വർഗീസ്. വെറും പത്ത് വർഷം കൊണ്ട് നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട എൻ എഫ് വർഗീസ് എന്ന അതുല്യ പ്രതിഭയുടെ ഓർമയിലാണ് ഇന്ന് സിനിമാലോകം.
ആലുവാക്കാരൻ എൻ എഫ് വർഗീസിൻറെ ജീവിതാഭിലാഷമായിരുന്നു സിനിമ. നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്ന തുടക്കകാലം. കലയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം, കലാഭവനിലും ഹരിശ്രീയിലുമായി പന്ത്രണ്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു എൻ എഫ് വർഗീസ്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഈറൻ സന്ധ്യ എന്നിങ്ങനെ എട്ടോളം സിനിമകളിൽ ചെറുവേഷം ചെയ്തെങ്കിലും ശ്രദ്ധേയനാകുന്നത് സിബി മലയലിൽ ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ആകാശദൂതിലൂടെയാണ്. പാൽക്കാരൻ കേശവൻ എന്ന കഥാപാത്രം കരിയർ ബ്രേക്കായി.
ഈ കഥാപാത്രത്തിന് പിന്നിലും ഒരു കഥയുണ്ട്. അതേകുറിച്ച് ഡെന്നീസ് ജോസഫ് ഒരിക്കൽ പറഞ്ഞതിങ്ങനെ, ‘ചിത്രത്തിലെ കഥാപാത്രത്തെ വിശദീകരിച്ചപ്പോൾ വര്‍ഗീസ് ഞെട്ടി. വേറൊന്നുമല്ല, വര്‍ഗീസിന് വണ്ടിയോടിക്കാന്‍ അറിയില്ല. ആ കഥാപാത്രമാണെങ്കില്‍ വാഹനമോടിക്കുന്നയാളുമാണ്. ഇക്കാര്യം മനസിലാക്കിയ വര്‍ഗീസ് വിഷമത്തിലായെങ്കിലും വണ്ടിയോടിക്കാന്‍ അറിയില്ലെന്ന് ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാന്‍ ഒരാഴ്ച്ചകൂടി സമയമുള്ളതിനാല്‍ അതിനുള്ളില്‍ ശരിയാക്കാം എന്നും പറഞ്ഞിട്ടാണ് പോയത്. നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള്‍ വര്‍ഗീസ് വീണ്ടും എത്തി. അതും സ്വന്തമായി ഫോര്‍ വീലര്‍ ഓടിച്ചുകൊണ്ട്! ലഭിച്ച വേഷം നഷ്ടപ്പെടാതിരിക്കാന്‍ അന്നു രാത്രി തന്നെ എന്‍ എഫ് വര്‍ഗീസ് ഏതോ ഡ്രൈവിംഗ് സ്‌കൂളില്‍ ചേരുകയായിരുന്നു.’
പിന്നീടിങ്ങോട്ട് വ്യത്യസ്തമായ ശബ്ദം കൊണ്ടും അഭിനയശൈലി കൊണ്ടും അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾ. വ്യക്തിത്വമുള്ള വില്ലൻ കഥാപാത്രങ്ങളായിരുന്നു എൻ എഫ് വർഗീസിൻറേത്. നോട്ടം കൊണ്ടും ശബ്ദം കൊണ്ടുമെല്ലാം ഇന്ദുചൂടനൊത്ത വില്ലനായ മണപ്പള്ളി പവിത്രൻ, പത്രത്തിലെ വിശ്വനാഥൻ ഇങ്ങനെ നീളുന്നു പട്ടിക. വില്ലനിൽ നിന്ന് നായകനൊപ്പം നിന്ന കഥാപാത്രങ്ങളായിരുന്നു സ്ഫടികത്തിലും രാവണപ്രഭുവിലും. പാച്ചു പിള്ളയുടെ കൈവെള്ളയിൽ ആടുതോമ മുത്തമിടുമ്പോൾ ഒരു മകനോടെന്ന വാത്സല്യം വർഗീസിന്റെ കണ്ണുകളിൽ നിഴലിച്ചിരുന്നു.
അചഞ്ചലമായ മനസിന് ഉടമയായിരുന്നു സിനിമക്കാർക്കിടയിലെ എൻ എഫ്. പുറം വേദനയായി എത്തിയ അറ്റാക്കുമായി ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് വണ്ടിയോടിച്ചുപോയെങ്കിലും പിന്നീടൊരു മടക്കമുണ്ടായില്ല. ഒരു സാധാരണക്കാരന്റ രൂപ ഭാവങ്ങളുള്ള, വില്ലൻ വേഷങ്ങൾക്കിണങ്ങാത്ത ശരീര പ്രകൃതമുള്ള എൻ എഫ് വർഗ്ഗീസ് തന്റെ അഭിനയ മികവ് കൊണ്ടാണ് നെഗറ്റീവ് വേഷങ്ങൾക്ക് പുത്തൻ ഭാഷ്യം ചമച്ചത്.