പൊതുപ്രവർത്തകയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ ഇടുക്കി ജില്ല പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവ്


പൊതുപ്രവർത്തകയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ ഇടുക്കി ജില്ല പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവ്. ഇടുക്കി കുമളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ രാജേഷ് രാജുവിനെതിരെ പൊതു പ്രവർത്തകയുടെ ഭാത്താവ് നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലാണ് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്. പീരുമേട് ഡി.വൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും പരാതി വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് ഉദാസീനതയുണ്ടായതായി കമ്മീഷൻ അംഗം വി കെ ബീനാകുമാരി കണ്ടെത്തി. കുറ്റം സൈബർ സ്വഭാവത്തിലുള്ളതിനാൽ സൈബർ പോലീസിനെ ഉപയോഗിച്ച് അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി ഡി.വൈ.എസ്.പി കമ്മീഷനെ അറിയിച്ചു. 2023 സെപ്റ്റംബറിൽ ഇടുക്കി സൈബർ പോലീസ് അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരുടെ കൈയിൽ തെളിവുകൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതര കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടോ എന്ന് സൈബർ പോലീസിന് മനസിലാക്കാമായിരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രതിയെന്നു സംശയിക്കുന്ന രാജേഷ് രാജുവിൽ നിന്നും തെളിവുകൾ പോലീസ് കണ്ടെത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.