ബാർ കോഴ വിവാദം: എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ


കൊച്ചി: ബാർ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയത് ബാറുടമകളെ സഹായിക്കാനെന്നും മദ്യവർജനത്തിന് മുമ്പിൽ നിൽക്കുമെന്ന എൽഡിഎഫിൻ്റെ ഉറപ്പ് പ്രഹസനമായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്ക് അനുമതി നൽകി. രണ്ടാം പിണറായി സർക്കാർ 130 ബാറുകൾക്ക് അനുമതി നൽകി. നഗ്നമായ അഴിമതിയാണ് നടക്കുന്നത് എക്സൈസ് മന്ത്രി മാറി നിന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ ഉറപ്പിനെ തുടർന്നാണ് പണപ്പിരിവ് എന്നത് വ്യക്തം. അനിമോനെ പുറത്താക്കിയത് വെള്ളപൂശാൻ. പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങും. വ്യക്തമായ തെളിവുണ്ട്. സർക്കാറിന് ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടാനാകില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. നോട്ടെണ്ണുന്ന യന്ത്രം ഇപ്പോൾ എവിടെയാണ് ? മുഖ്യമന്ത്രിയുടെ വീട്ടിലാണോ എക്സൈസ് മന്ത്രിയുടെ വീട്ടിലാണോ? എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ബാർ കോഴ വിഷയത്തിൽ കാലം കണക്ക് ചോദിക്കുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. ഒരു കോടിയുടെ ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചവർക്ക് 20 കോടിയുടെ സമാധാനം പറയേണ്ടി വരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
മത്സ്യക്കുരുതി വിഷയത്തിൽ സർക്കാർ നിസംഗമായി നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാസമാലിന്യത്തിൽ പരിശോധനയില്ല. ബണ്ടിൻ്റെ ഷട്ടർ തുറന്നപ്പോൾ ഓക്സിജൻ ഇല്ലാതായി എന്ന വാദം ആരെ രക്ഷിക്കാനാണെന്നും വി ഡി സതീശൻ ചോദിച്ചു. മന്ത്രിയുടെ പ്രസ്താവന അപഹാസ്യം. മഴക്കാല ശുചീകരണം പരാജയമായി. മന്ത്രി രാജീവ് പെരുമാറ്റച്ചട്ടത്തെ പഴിച്ച് രക്ഷപെടുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും അടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണ്. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.