ഇതര സംസ്ഥാനങ്ങളിൽ നിന്ന് മാടുകളുടെ വരവ് കുറഞ്ഞു; ഇറച്ചി വില വില വർദ്ധിപ്പിക്കാൻ നീക്കം
അന്യസംസ്ഥാനങ്ങളിൽ നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില ഉയർത്താൻ വ്യാപാരി സംഘടനകളുടെ നീക്കം. കന്നുകാലിച്ചന്തകൾ പ്രവർത്തിക്കാത്തതും കേരളത്തിലേക്ക് കാലികളെ കൊണ്ടുപോകുന്നതിന് വൻ തുക ഗുണ്ടാപിരിവ് ഈടാക്കുന്നതുമാണ് മാടുകളുടെ വരവ് കുറയാൻ കാരണം. നിലവിലെ പ്രതിസന്ധി കേരളത്തിൽ സുനാമി ഇറച്ചി വ്യാപകമാകാനും കാരണമാകും.
തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നായിരുന്നു മുമ്പ് കേരളത്തിലേക്ക് അറവുമാടുകളെ എത്തിച്ചിരുന്നത്. എന്നാൽ ഈ സംസ്ഥാനങ്ങളിലെ കന്നുകാലിച്ചന്തകൾ പലതും നിലവിൽ പ്രവർത്തിക്കുന്നില്ല. ഇതോടെ ഒറീസ, പഞ്ചാബ്, ഛത്തീസ്ഗഡ്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഗുണ്ടാസംഘങ്ങൾ മാടുകളുമായി എത്തുന്ന ലോറികൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ വ്യാപാരികൾക്ക് കനത്തസാമ്പത്തിക നഷ്ടമായി.ഗുണ്ടാസംഘങ്ങളെ തടയാൻ സംസ്ഥാന സർക്കാരുകൾക്കും കഴിയുന്നില്ല. ഉത്തരേന്ത്യയിൽ ബീഫ് സംസ്കരിക്കുന്ന ഫാക്ടറികൾ തുറന്നതും മാടുകളുടെ ലഭ്യതയെ ബാധിച്ചു.
സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതൽ വിൽക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. മാട്ടിറച്ചിക്ക് ഡിമാൻഡ് കൂടിയതോടെ കമ്പംമെട്ട്,കുമളി എന്നിവിടങ്ങളിലൂടെ സുനാമി ഇറച്ചിയും (ചത്ത ഉരുക്കളുടെ ) മീൻ ലോറികളിൽ എത്തുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ആരോഗ്യവകുപ്പ് പരിശോധന ഇല്ലാത്തതിനാൽ ഹോട്ടലുകൾ, ആശുപത്രി ക്യാന്റീൻ, കോൾഡ് സ്റ്റോറേജുകൾ എന്നിവിടങ്ങളിൽ ഇവ വ്യാപകമായി എത്തുന്നുണ്ട്.മാട്ടിറച്ചിക്ക് നിലവിൽ 360 രൂപയാണ് വില. ഇത് 420 രൂപയായി ഉയർത്താനാണ് നീക്കം.