ഓപ്പറേഷൻ ആഗ്; സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം; പ്രത്യേക പരിശോധനയുമായി പൊലീസ്


സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പൊലീസ് ഓപ്പറേഷൻ ആഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെയും പൊലീസ് പിടികൂടും.
ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെയും കണ്ടെത്തും. കഴിഞ്ഞ ഓപ്പറേഷൻ ആഗിൽ 300ലധികം ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്. ഇത്തവണ വിശാലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. പുലർച്ചെ നാലുമുതലാണ് പൊലീസ് പരിശോധന ആരംഭിച്ചത്.
സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കരമനയിൽ യുവാവിനെ സംഘം ചേർന്ന് കല്ല് കൊണ്ടും കമ്പിവടി കൊണ്ടും അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. കഴിഞ്ഞദിവസം തൃശൂരിൽ ഗുണ്ടാ നേതാവ് പാർട്ടിയടക്കം നടത്തിയത് പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് പ്രത്യേക പരിശോധന നടത്തുന്നത്.