ഇരട്ടയാർ ഇടിഞ്ഞമലയിൽ
ഒരേക്കറോളം കൃഷി സ്ഥലം കത്തിനശിച്ചു
ഇരട്ടയാർ ഇടിഞ്ഞമല തമ്പാൻസിറ്റിയ്ക്കു സമീപം പുള്ളോലിൽ സണ്ണിയുടെ കൃഷിയിടമാണ് പൂർണ്ണമായും കത്തിനശിച്ചത്. 200 ഓളം വാഴയും ഇടവിളകള്ളം 50തിലധികം ഏലച്ചെടികളും കുടിവെള്ളത്തിനുപയോഗിച്ചിരുന്ന മോട്ടറും പൈപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സമീപ പുരയിടത്തിൽ അയൽവാസി ചവറിനു തീയിട്ടാണ് കൃഷിയിടത്തിലേയ്ക്കു പടർന്നത്.
കൃഷിയിടത്തിലെ ചെറിയ ഓലിയിൽ നിന്നും കുടിവെള്ളത്തിനായി സ്ഥാപിച്ച മോട്ടറും പൈപ്പുമെല്ലാം കത്തിപ്പോയി. മറ്റ് അയൽവാസികൾ ഓലിയിൽ നിന്നും വെള്ളം എടുത്തിരുന്ന ഹോസുകളും കത്തിനശിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ പുരയിടത്തിലെ പാഴ്മരങ്ങൾ പിഴുതെടുത്ത് കൂട്ടിയിട്ട് സ്ഥല ഉടമ അശ്രദ്ധമായി തീയിട്ടതാണ് സണ്ണിയുടെ കൃഷിയിടത്തിലേയ്ക്ക് തീപടരാനിടയാക്കിയത്
തീ പടർന്ന ശേഷമാണ് സണ്ണിയുടെ വീട്ടുകാർ കാണുന്നത്. അപ്പോഴേയ്ക്കും വീടിനു സമീപത്തെ ഏലച്ചെടികളിൽ തീ പടർന്നിരുന്നു. തുടർന്ന് സണ്ണിയുടെ ഭാര്യയും പ്രായമായ പിതാവും ചേർന്ന് തല്ലിക്കെടുത്തിയതിനാൽ വീടിനു തീ പിടിക്കാതെ വൻ അപകടം ഒഴിവായി. സ്ഥലത്തില്ലാതിരുന്ന സണ്ണി സംഭവമറിഞ്ഞ് എത്തിയ ശേഷം താഴ്ഭാഗത്തെ മറ്റുള്ളവരുടെ വീടുകളിലേയ്ക്കും കൃഷിയിടത്തിലേയ്ക്കും തീ പടരാതെ കെടുത്തിയത്.
അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സണ്ണി തങ്കമണി പോലീസിൽ പരാതി നല്കിയിട്ടുണ്ട്.