കോവിഡ് വാക്സിനേഷൻ ഒന്നാംഘട്ടം പൂർത്തിയാക്കി ഇരട്ടയാർ പഞ്ചായത്ത്


ഇരട്ടയാർ ∙ കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് കോവിഡ് വാക്സിനേഷന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഇരട്ടയാർ പഞ്ചായത്ത്. സ്പർശം എന്ന പേരിൽ നടപ്പാക്കിയ വാക്സിനേഷൻ യജ്ഞം കിടപ്പു രോഗികളുടെ വീട്ടിൽ എത്തിയും പുറത്തിറങ്ങാൻ കഴിയുന്ന രോഗികളെ ക്യാംപുകളിൽ എത്തിച്ചും 3 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഡോ. ജെ.എം.വൈശാഖ്, ഡോ. അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞായിരുന്നു ജീവനക്കാർ വീടുകളിൽ എത്തിയത്. അനാരോഗ്യമുള്ളവരോ വാക്സിനേഷനോടു വിമുഖത കാട്ടുന്നവരോ അല്ലാത്ത മുഴുവൻ ആളുകൾക്കും വാക്സീൻ നൽകാൻ കഴിഞ്ഞെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി പറഞ്ഞു.
ഇരട്ടയാർ @ 50
ഇരട്ടയാർ ∙ പഞ്ചായത്ത് രൂപീകൃതമായിട്ട് അര നൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് രൂപീകൃതമായ ശേഷമുള്ള ആദ്യ ഭരണ സമിതിയിലെ അംഗമായിരുന്ന പാപ്പച്ചൻ പൗവത്തിനെ ആദരിച്ചു. ആദ്യ ഭരണ സമിതിയിൽ ഉണ്ടായിരുന്നവരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് ഇദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി പാപ്പച്ചൻ പൗവത്തിനെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കട്ടപ്പന പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഇരട്ടയാർ മേഖല കേന്ദ്രീകരിച്ച് 1971 ജൂലൈ ഒന്നിനാണ് പഞ്ചായത്ത് രൂപീകരിച്ചത്. ഉടുമ്പൻചോല താലൂക്കിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ഈ പഞ്ചായത്ത്. രൂപീകൃതമായ ശേഷം ഭൂരിപക്ഷവും ഭരണം കയ്യാളിയത് യുഡിഎഫ് ആയിരുന്നു. ഇത്തവണ കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെയാണ് ഭരണം എൽഡിഎഫിൽ എത്തിയത്.