ലോക്ഡൗൺ അന്നം മുടക്കി; 40 വർഷത്തെ പാരമ്പര്യമുള്ള ബാർബർ ഷോപ് പച്ചക്കറിക്കടയായി


നെടുങ്കണ്ടം ∙ ലോക്ഡൗണും കണ്ടെയ്ൻമെന്റ് സോണും അന്നം മുടക്കിയപ്പോൾ 40 വർഷത്തെ പാരമ്പര്യമുള്ള ബാർബർ ഷോപ് പച്ചക്കറിക്കടയാക്കി മാറ്റി മൈനർസിറ്റി ചെരുകുന്നേൽ ആർ.സുശീലൻ. 1955 കാലഘട്ടത്തിൽ കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നാണ് സുശീലന്റെ കുടുംബം നെടുങ്കണ്ടത്തേക്ക് കുടിയേറിയത്. പട്ടം കോളനി രൂപീകരിച്ചപ്പോൾ ബ്ലോക്ക് സ്ഥലം ലഭിച്ചെത്തി. അക്കാലം മുതൽ നെടുങ്കണ്ടം കിഴക്കേ കവല കേന്ദ്രമാക്കി ബാർബർ ഷോപ് ആരംഭിച്ചു. പിന്നീട് ബാർബർ ഷോപ് പടിഞ്ഞാറേക്കവലയിലേക്കു മാറ്റി.
തുടർച്ചയായ ലോക്ഡൗണും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളുമാണ് സുശീലൻ അടക്കമുള്ള ബാർബർ ഷോപ് ഉടമകളെയും സ്ഥാപനത്തിൽ തൊഴിൽ എടുക്കുന്നവരെയും പ്രതിസന്ധിയിലാക്കിയത്. നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കടുത്ത പ്രതിസന്ധിയിലാണിവർ. ഈ സാഹചര്യത്തിലാണ് അവശ്യവസ്തുവായ പച്ചക്കറി വ്യാപാരത്തിലേക്കു സുശീലൻ വഴിമാറിയത്.
ഇതിനായി നിലവിൽ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ് പച്ചക്കറിക്കടയാക്കി മാറ്റി. സ്ഥിരമായി ബാർബർ ഷോപ്പിൽ എത്തിയിരുന്നവർക്ക് ഇപ്പോഴും സുശീലന്റെ സേവനം ലഭിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി മാറിയ ശേഷം ബാർബർ ഷോപ് വീണ്ടും ആരംഭിക്കാനാണ് സുശീലന്റെ തീരുമാനം. അതുവരെ പച്ചക്കറിക്കട തുടരും. മധുര, തേനി, ചിന്നമന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് സുശീലൻ പച്ചക്കറി എത്തിക്കുന്നത്. എല്ലാത്തരം പച്ചക്കറികളും ഇവിടെ ലഭിക്കും.