‘വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി’; അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്കാരിക പ്രവർത്തകർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്കാരിക പ്രവർത്തകർ. മെമ്മറി കാർഡിലെ നിയവിരുദ്ധ പരിശോധനയ്ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് വനിതാ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. കെ അജിത, സാറ ജോസഫ്, ഡോ. ഖദീജ മുംതാസ്, വി പി സുഹ്റ തുടങ്ങിയ 16 പേരാണ് അതിജീവിതയെ പിന്തുണച്ച് രംഗത്തെത്തിയത്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയാണ്. നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവർ പ്രതിക്ക് അനുകൂലമായി നിൽക്കുകയാണ്. ഇവർ കേസ് അട്ടിമറിക്കാൻ കൂട്ടു നിൽക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. കോടതികൾ നീതിയുടെ പക്ഷത്താണെന്ന് ഉറപ്പിക്കാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും വനിതാ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പട്ടു.
വനിതാ സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന
മെമ്മറി കാർഡ് തിരിമറി നടത്താൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക. നടി ആക്രമിക്കപ്പെട്ട കേസിൽ പീഡനദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണല്ലോ. നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വിസ്താരസമയത്ത് മാത്രം ഉപയോഗിക്കേണ്ടതും കോടതിയുടെ ചെസ്റ്റിൽ സൂക്ഷിക്കേണ്ടതും അതീവ സുരക്ഷയിൽ നിലനിറുത്തേണ്ടതും ആണ്. മാത്രമല്ല ഈ കേസിലെ പെൻഡ്രൈവ് ദൃശ്യങ്ങൾ ഒരു സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതുമാണ്. അങ്ങനെയുള്ളമെമ്മറി കാർഡും പെൻഡ്രൈവുമാണ് ജില്ലാ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി തുറന്നതായി റിപ്പോർട്ടിൽ പറയുന്നത്. ഒരു വർഷത്തിലേറെ നിയമവിരുദ്ധമായി ഈ കാർഡ് ഒരു ജുഡീഷ്യൽ ഓഫീസർ കസ്റ്റഡിയിൽ വെച്ചിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ നിന്നും ഇത് ലീക്ക് ചെയ്തിട്ടുണ്ട്. അങ്കമാലി കോടതി മജിസ്ട്രേട്ട് , വിചാരണക്കോടതി ശിരസ്തദാർ, എറണാകുളം സെഷൻസ് കോടതി ബെഞ്ച് ക്ലർക്ക് തുടങ്ങിയവർ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചതായി കോടതി പേരെടുത്ത് പറഞ്ഞ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. വേലി തന്നെ വിള തിന്നുന്ന സ്ഥിതി. നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവർ പ്രതിക്കു വേണ്ടി കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളത്. നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത നിലനിർത്താനും നീതിയുടെ പക്ഷത്താണ് കോടതികൾ എന്ന് ഉറപ്പിക്കാനും നടിയെ ആ ക്രമിച്ച കേസിലെ കോടതിയിലിരുന്ന മെമ്മറിക്കാർഡ് അനധികൃതമായി ആക്സസ് ചെയ്തവർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും നീതിന്യായ സംവിധാനങ്ങൾക്കു തന്നെ കളങ്കം വരുത്തിയ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. കെ.അജിത, സാറാ ജോസഫ് ,ഡോ. ഖദീജ മുംതാസ്, വ പി സുഹ്റ, ഡോ: എ കെ ജയശ്രീ, ദീദി ദാമോദരൻ, എം സുൽഫത്ത് പ്രൊഫ. കുസുമം ജോസഫ്, സി.എസ് .ചന്ദ്രിക, ഡോ.മാളവിക ബിന്നി , സോണിയ ജോർജ്ജ്, ഏലിയാമ്മ വിജയൻ. അഡ്വ: രമ.കെ.എം, മേഴ്സി അലക്സാണ്ടർ, ശ്രീജ പി, നെജു ഇസ്മയിൽ
നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്നും താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ.