ഇടുക്കിയിലെ കാറ്റിന് ഇനി സുഗന്ധമേറും;ഒരു ജില്ല, ഒരു ഉൽപന്നം പദ്ധതിയിലേക്ക് ഇടുക്കി ജില്ലയിൽ സുഗന്ധവ്യഞ്ജനങ്ങളും


സുഗന്ധവ്യഞ്ജനങ്ങളാൽ സമൃദ്ധമാണ് ഇടുക്കി. ഹൈറേഞ്ചിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതും ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സും ഏലം, കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയവയാണ്. ഇതേ സുഗന്ധവ്യഞ്ജനങ്ങൾ മലനാടിനു സാധ്യതയുടെ പുതിയ വാതിൽ തുറന്നിരിക്കുകയാണിപ്പോൾ. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒരു ജില്ല, ഒരു ഉൽപന്നം പദ്ധതിയിലേക്ക് ഇടുക്കി ജില്ലയുടേതായി കണ്ടെത്തിയിരിക്കുന്നത് സുഗന്ധവ്യഞ്ജനങ്ങളാണ്.
ലക്ഷ്യം 108 യൂണിറ്റ്
ഓരോ ജില്ലയിലെയും കാർഷിക ഉൽപന്നങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിൽ ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ. കൂടുതൽ ചെറുകിട – സൂക്ഷ്മ – ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.
ഇത്തരത്തിൽ ആരംഭിക്കുന്ന വ്യവസായങ്ങൾക്കു പദ്ധതി ചെലവിന്റെ 35 ശതമാനം വരെയാണു സർക്കാർ ധനസഹായം നൽകുക. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ വരെ കിട്ടും. പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പുറമേ നിലവിൽ ഇത്തരം വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രയോജനം ലഭിക്കും. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉൽപന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്.
കർഷകർക്കും ഗുണം
സുഗന്ധവ്യഞ്ജനങ്ങളാൽ സമൃദ്ധമായ പ്രദേശമായിട്ടു കൂടി ഇവയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ ജില്ല പിന്നിലാണ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കണക്കിലെടുക്കുമ്പോൾ സുഗന്ധവ്യഞ്ജന സംസ്കരണം പോലുള്ള വ്യവസായങ്ങൾക്കു ജില്ലയിൽ ഉയർന്ന വിജയ സാധ്യതയുണ്ട്. വ്യവസായ വികസനത്തോടൊപ്പം ഇടുക്കി ജില്ലയുടെ കാർഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാകുമെന്നാണു കരുതുന്നത്. വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോൽപന്നങ്ങൾ ഉൽപാദിപ്പിക്കാനും മികച്ച വില ലഭിക്കാനും ജില്ലയിലെ കർഷകർക്കും അവസരം ലഭിക്കും.
ഒരു യൂണിറ്റ് ആരംഭിക്കാൻ 10 മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക്, നഗരസഭാ തലങ്ങളിലുള്ള വ്യവസായ വികസന ഓഫിസർമാരെ ബന്ധപ്പെടണം.