കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെല്ലാര്‍കോവിലില്‍ തമിഴ്‌നാട് വനപാലകര്‍ക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം;പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്


കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെല്ലാര്‍കോവിലില്‍ തമിഴ്‌നാട് വനപാലകര്‍ക്ക് നേരെ നായാട്ട് സംഘത്തിന്റെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. നായാട്ട് സംഘത്തില്‍ നിന്നും തോക്കും ആയുധങ്ങളും മാന്‍കൊമ്പും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴച രാത്രി 11 ഓടെയായിരുന്നു സംഭവം. കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന ചെല്ലാര്‍കോവില്‍ വനമേഖലയില്‍ രാത്രികാല പട്രോളിങിന് എത്തിയ തമിഴ്‌നാട് വനപാലകരുമായാണ് നായാട്ട് സംഘം ഏറ്റുമുട്ടിയത്. നായാട്ടു കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴംഗ സംഘം അപ്രതീക്ഷിതമായി വനപാലകര്‍ക്ക് മുന്നില്‍പെടുകയായിരുന്നു. ഇതോടെ രക്ഷപെടാനായി ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കുചൂണ്ടിയ സംഘവും ഉദ്യോഗസ്ഥരുമായി ഉന്തും തള്ളുമുണ്ടായി. പിടിവലിക്കിടെ വെടി പൊട്ടിയെങ്കിലും ആര്‍ക്കും വെടിയേറ്റില്ല. ഇതിനിടെ സംഘത്തില്‍പെട്ട ഒരാള്‍ വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഫോറസ്റ്റ് വാച്ചറായ കാജാമൊയ്തീന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ പുറ്റടി ഗവണ്‍മെന്റ്് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റൊരു ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വണ്ടന്‍മേട് പോലീസും തമിഴ്‌നാട് പോലീസും രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. നായാട്ട് സംഘത്തില്‍ ഏഴിലധികം ആളുകള്‍ ഉണ്ടായിരുന്നതായി വനപാലകര്‍ പറഞ്ഞു. ഇവരില്‍ നിന്നും നായാട്ടിന് ഉപയോഗിക്കുന്ന തോക്ക്, വെട്ടുകത്തി, മാന്‍ കൊമ്പ് ഒരു ചാക്ക്‌കെട്ട് എന്നിവ പിടിച്ചെടുത്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ചില പ്രതികളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.