നിക്ഷേപ പ്രതിസന്ധി നേരിട്ട് ഇന്ത്യൻ ബാങ്കുകൾ
ഇന്ത്യയിലെ ബാങ്കുകൾ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകൾ. ക്രെഡിറ്റ്- ഡിപ്പോസിറ്റ് (സിഡി) അനുപാതം 80% ആണ്. 2005ന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന സിഡി അനുപാതം രേഖപ്പെടുത്തുന്നതെന്നും ലൈവ്മിൻ്റ് റിപ്പോർട്ട് ചെയ്തു. ഒരു ബാങ്കിൻ്റെ നിക്ഷേപം എത്രമാത്രം ലോണുകൾക്കായി ഉപയോഗിക്കുന്നു എന്നതാണ് സിഡി അനുപാതം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിനൊന്നും തന്നെ നിക്ഷേപകരെ ആകർഷിക്കാനായില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.വലിയ ലാഭം കിട്ടുന്ന മേഖലകളിലാണ് ആളുകൾ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്. കുറച്ച് മാസങ്ങളായി ഓഹരി വിപണി സ്ഥിരതയുള്ള മുന്നേറ്റം കാഴ്ച വെച്ചതും ആ മേഖലയിൽ ആളുകൾ കൂടുതൽ നിക്ഷേപം നടത്തുന്നതിന് കാരണമായി.ഉയർന്ന സാമ്പത്തിക സാക്ഷരത നിക്ഷേപകരെ ബാങ്കിങ് മേഖലയിൽ മാത്രം നിക്ഷേപിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുകയും ഉയർന്ന റിട്ടേൺ കിട്ടുന്ന മറ്റ് നിക്ഷേപ മാർഗ്ഗങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
2024 സാമ്പത്തിക വർഷത്തിൽ ബാങ്ക് വായ്പാ വളർച്ചാ ഡെപ്പോസിറ്റ് വളർച്ചയെ മറികടന്നതായും ഡാറ്റാ കാണിക്കുന്നു.2024 സാമ്പത്തിക വർഷത്തിൽ നിക്ഷേപങ്ങൾ 13.5% വർധിച്ച് 204.8 ട്രില്യൺ രൂപയായപ്പോൾ ഭക്ഷ്യേതര വായ്പ മാർച്ച് 22-ലെ കണക്കനുസരിച്ച് 20.2% വർധിച്ച് 164.1 ട്രില്യണിലെത്തി. 2023 സാമ്പത്തിക വർഷത്തിൽ നിക്ഷേപങ്ങൾ 9.6% ഉം ക്രെഡിറ്റ് 15.4% ഉം വർദ്ധിച്ചതായും ലൈവ്മിൻ്റ് റിപ്പോർട്ട്.
എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ചില സ്വകാര്യബാങ്കുകൾ നേട്ടം കൊയ്തിട്ടുണ്ട്.എച്ച്ഡിഎഫ്‌സി ബാങ്ക്,ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നീ ബാങ്കുകൾ കുറഞ്ഞ സിഡി അനുപാതം അല്ലെങ്കില് വായ്പ-നിക്ഷേപ അനുപാതം രേഖപ്പെടുത്തിയതായി രേഖകളുണ്ട്.