ഇരട്ടയാർ വാഴവര മേഖലകളിൽ വീണ്ടും ഭീതി വിതച്ച് വന്യജീവികളുടെ ആക്രമണം
ഇരട്ടയാർ വാഴവര മേഖലകളിൽ വീണ്ടും ഭീതി വിതച്ച് വന്യജീവികളുടെ ആക്രമണം. ഇരട്ടയാർ നാങ്കുതൊട്ടിക്ക് സമീപം കൂട്ടിൽ കിടന്നിരുന്ന ആടിനെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തി. മുമ്പും വന്യജീവികളുടെ ആക്രമണം പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ ഭീതിയിലാണ് പ്രദേശവാസികൾ. ഇന്നലെ രാത്രിയിലാണ് പന്തപ്ളാക്കൽ മാത്തുക്കുട്ടിയുടെ ആട്ടിൻകുട്ടിയെ വന്യജീവി ആക്രമിച്ചു കൊന്നത്. രാവിലെ ആടിനെ കറക്കുവാനായി എത്തിയപ്പോഴാണ് മാത്തുക്കുട്ടി സംഭവം അറിയുന്നത്. തുടർന്ന് പ്രദേശവാസികളെയും, വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. ആളുകൾ എത്തിയ പ്രാഥമിക പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തുവാനും സാധിച്ചില്ല. അതേസമയം പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ വനംവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രദേശത്ത് വന്യ ജീവി ആക്രമണം ഉണ്ടായത് ആശങ്ക പരത്തിയിരുന്നു. വീണ്ടും വന്യ ജീവി ആക്രമണം ഉണ്ടായതോടെ ആശങ്കയിലാണ് ജനം.ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിൽ പരിശോധന നടത്തി. കാൽപാടുകൾ കണ്ടെത്താൻ സാധിച്ചില്ല. സമാന രീതിയിൽ ഇന്നലെ ഇട്ടിമൂട്ടിൽ രാജുവിന്റെ 3 ആടുകളെയും കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടത്തിയിരുന്നു. ക്യാമറ സ്ഥാപിച്ചു നിരീക്ഷണം നടത്താനാണ് വനം വകുപ്പിന്റെ നീക്കം