നയവുമില്ല, കോണ്‍ഗ്രസിന് സംഘടനയുമില്ല; കോലീബി സഖ്യത്തില്‍ എസ്പിഐ കൂടെ വന്നെന്നും എം വി ഗോവിന്ദന്‍
മലപ്പുറം: കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയും കോണ്‍ഗ്രസും പറഞ്ഞത് സിപിഐഎമ്മാണ് മുഖ്യശത്രുവെന്നാണ്. അതാണ് അവരുടെ അന്തര്‍ധാര. കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടി വന്നുവെന്നും എസ്ഡിപിഐ സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവും ആദ്യം എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം വടകരയാണ്. കോണ്‍ഗ്രസ് രാജ്യത്ത് എവിടെയാണ് ഇപ്പോഴുള്ളത്? നയവുമില്ല കോണ്‍ഗ്രസിന് സംഘടനയുമില്ല. ഇന്‍ഡ്യ സഖ്യത്തിന് നേതൃത്വമില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് മുഴുവനായി ഒരു ഇന്‍ഡ്യ സഖ്യം ഇല്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റ് ആയി കണക്കാക്കാം.
ന്യൂനപക്ഷങ്ങളെ ജീവന്‍ കൊടുത്ത് സംരക്ഷിച്ചവരാണ് സിപിഐഎം. തലശ്ശേരി കലാപം ഓര്‍ത്താല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിന് ന്യൂനപക്ഷ സ്‌നേഹം വാക്കുകളില്‍ മാത്രമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം. അങ്ങനെ പറയാതെ കുഞ്ഞാലിക്കുട്ടിക്ക് വഴിയില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.
യുഡിഎഫ് പരാജയം മണത്തറിഞ്ഞു കൊണ്ടാണ് എസ്ഡിപിഐയുടെ പിന്തുണ തേടിയത്. ഷാഫി പറമ്പില്‍, വി ഡി സതീശന്‍ ഉള്‍പ്പെടെ ഉള്ളവര്‍ എസ്ഡിപിഐയെ തള്ളിപ്പറയുകയും അവരുടെ പിന്തുണ തേടുന്നതിനേക്കാള്‍ നല്ലത് പരിപാടി നിര്‍ത്തുന്നതാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ലീഗും മുമ്പ് എതിര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഇതെല്ലാം മറന്നു എസ്ഡിപിഐയെ സ്വീകരിക്കുകയാണ്.
എസ്ഡിപിഐ മുമ്പും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴും യുഡിഎഫ് പറഞ്ഞത് ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ്. പക്ഷേ അന്ന് ചര്‍ച്ച നടത്തിയെന്ന് എസ്ഡിപിഐ പറഞ്ഞു. ഏതു വര്‍ഗീയ സംഘടനകളുമായും കൂട്ടു ചേരുമെന്നാണ് യുഡിഎഫ് നിലപാട്. എസ്ഡിപിഐ പിന്തുണ അംഗീകാരം എന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ ചൂണ്ടക്കാട്ടി.