സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ


മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ.
31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.
2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കൽ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ൽ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളിൽ ഏറ്റവും കൂടുതൽ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകൾ. മാർച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.