‘വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്, കലാമണ്ഡലം സത്യഭാമ പൊതുസമൂഹത്തോട് മാപ്പ് പറയണം’: മുല്ലപ്പള്ളി രാമചന്ദ്രൻ
RLV രാമകൃഷ്ണനെതിരായ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമർശം പിൻവലിച്ച് സമൂഹത്തിനോട് മാപ്പ് പറയണം.
നമ്മള്‍ എന്നും വൈകുന്നേരം ചന്തയില്‍ പോകുന്നപോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നതെന്ന്മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമർശിച്ചു. ഈ വര്‍ഷം താന്‍ അക്കൗണ്ട് തുറക്കും എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ഒരു സ്ഥാനാര്‍ഥിക്കെതിരായും ഒരു സൈബര്‍ അറ്റാക്കും നടക്കാന്‍ പാടില്ല. സൈബര്‍ പടയാളികളെവെച്ച് ഒരാളെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മര്യാദയല്ല. അത് ഒരിക്കലും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഞാന്‍ സൈബര്‍ അറ്റാക്കിന്റെ ഏറ്റവും വലിയ ഇരയാണ്. ഞാന്‍ അതിനെ ഗൗരവമായി എടുക്കുന്നില്ല.
പക്ഷേ, എല്ലാവര്‍ക്കും അതിന് കഴിയണമെന്നില്ല. അത്തരം സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരിക്കില്ല. കോവിഡ് കള്ളി എന്ന പ്രയോഗം തെറ്റാണ്. പക്ഷേ 1,300 കോടിയുടെ അഴിമതിക്ക് ഉത്തരം നല്‍കണം. ഞാനല്ല പ്രജാപതിയാണ് അത് ചെയ്തത് എന്ന് പറയാനുള്ള രാഷ്ട്രീയമായ ആര്‍ജ്ജവവും നെഞ്ചുറപ്പുമാണ് അവര്‍ കാണിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.