‘പാർട്ടി ആകെ മാറി, അന്നത്തെ പോലെയല്ല ഇന്ന്’; ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് കോൺഗ്രസിൽ ചേർന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് കോൺഗ്രസിൽ ചേർന്നു. അമിനുൾ ഹഖ് ലാസ്കർ ആണ് പാർട്ടി വിട്ടത്.
“13 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നു. അന്നത്തെയും ഇന്നത്തെയും ബിജെപി വ്യത്യസ്തമാണ്. അക്കാലത്ത് മാറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിച്ചിരുന്നത്. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടു. ഇതാണ് എൻ്റെ രാജി തീരുമാനത്തിന് പിന്നിൽ”- ലാസ്കർ പറഞ്ഞു. തൻ്റെ രാജി ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങൾ ഇപ്പോൾ ബദ്‌റുദ്ദീൻ അജ്മലിൻ്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലസ്‌കർ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് അസം പ്രസിഡൻ്റ് ജിതേന്ദ്ര സിംഗ് അൽവാറിൻ്റെ സാന്നിധ്യത്തിലാണ് ലസ്കർ പാർട്ടി അംഗത്വം സ്വീകരിച്ചത്. 2016 ലാണ് അമിനുൾ അസം ബിജെപിയുടെ ആദ്യ ന്യൂനപക്ഷ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ലസ്കർ, സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ കരിം ഉദ്ദീൻ ബർഭൂയ്യയോട് പരാജയപ്പെട്ടു.