കല്ലാറിലെ കുത്തിവെപ്പുകേന്ദ്രത്തിൽ രണ്ടാംദിനവും സംഘർഷം
നെടുങ്കണ്ടം : കല്ലാറിൽ പ്രവർത്തിക്കുന്ന സ്ഥിരം വാക്‌സിനേഷൻ സെന്ററിൽ ശനിയാഴ്ചയും വാക്കേറ്റവും സംഘർഷവും. ആശാ പ്രവർത്തകരുടെ നിർദേശത്തെത്തുടർന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിയ നെടുങ്കണ്ടം പഞ്ചായത്തുകാർക്ക് വാക്‌സിൻ ലഭിച്ചില്ല. ഇവർ വാക്‌സിനേഷനായി ബുക്കിങ് നടത്തിയിരുന്നില്ല. തുടർന്ന് ഇവർ കല്ലാറിലെ സ്ഥിരം വാക്‌സിനേഷൻ സെന്ററിലേക്ക് എത്തിയതോടെയാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്.
വെള്ളിയാഴ്ച നെടുങ്കണ്ടം പഞ്ചായത്തിന് പുറത്തുനിന്ന് എത്തിയവർക്ക് വാക്‌സിൻ നൽകാനാവില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് സംഘർഷം ഉണ്ടായിരുന്നു.
വാക്‌സിനേഷനായി നെടുങ്കണ്ടം പഞ്ചായത്തിലെ ഒന്ന് മുതൽ 11 വരെയുള്ള വാർഡിലെ 10 പേർ വീതം കല്ലാറിലെ സ്ഥിരം വാക്‌സിനേഷൻ കേന്ദ്രത്തിലും ബാക്കിയുള്ള വാർഡുകളിലെ 10 പേർ വീതം നെടുങ്കണ്ടം താലൂക്കാശുപത്രിയിലും എത്താനാണ് പഞ്ചായത്തിൽനിന്ന് ആശാ പ്രവർത്തകർക്ക് നിർദേശം നൽകിയത്. എന്നാൽ താലൂക്കാശുപത്രിയിൽ പഞ്ചായത്തും വാർഡും തിരിച്ച് വാക്‌സിൻ നൽകാനാവില്ലെന്നും രജിസ്റ്റർ ചെയ്ത് എത്തുന്നവർക്കേ നൽകൂവെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
താലൂക്കാശുപത്രി അധികൃതരുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് പഞ്ചായത്തിൽനിന്ന് ആശാ പ്രവർത്തകർക്ക് നിർദേശം നൽകിയത്. ആശാ പ്രവർത്തകരുടെ വാക്കുകേട്ട് വാക്‌സിൻ എടുക്കാൻ എത്തിയവർ കൂട്ടത്തോടെ കല്ലാറിലെ സെന്ററിലെത്തി. ഇതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. സംഘർഷം ഉണ്ടായതിനെത്തുടർന്ന്, കല്ലാറിലെ സെന്ററിലെത്തിയ രണ്ടാംഡോസുകാരായ 300 പേർക്ക് വാക്‌സിൻ നൽകി. ആദ്യ ഡോസ് സ്വീകരിക്കാൻ എത്തിയവർ വാക്‌സിൻ ലഭിക്കാതെ മടങ്ങി.
കല്ലാറിലെ വാക്‌സിൻ സെന്റർ സജ്ജമാക്കിയതും പ്രവർത്തിക്കുന്നതും നെടുങ്കണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. നെടുങ്കണ്ടം പഞ്ചായത്തിൽനിന്നുള്ളവർക്കാണ് മുൻഗണന നൽകുന്നതെന്ന് ഭരണസമിതി അറിയിച്ചു. കല്ലാറിലെ സെന്ററിലെത്തുന്ന വാക്‌സിനിൽ അറുപത് ശതമാനം നെടുങ്കണ്ടം പഞ്ചായത്തിന് സംവരണം ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ഡി.എം.ഒ.ക്ക് കത്ത് നൽകുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
മെഡിക്കൽ ഓഫീസർ കത്ത് നൽകി
കല്ലാറിലെ സ്ഥിരം വാക്‌സിനേഷൻ സെന്ററിൽ സംഘർഷങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ കെ.പി.കോളനി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡി.എം.ഒ.യ്ക്ക് കത്ത് നൽകി. ജനങ്ങൾക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ വാക്‌സിൻ നല്കാനോ അല്ലെങ്കിൽ വാക്‌സിൻ വിതരണം സംബന്ധിച്ച് പ്രദേശിക തലത്തിൽ നിലനിൽക്കുന്ന സംവരണം ഒഴിവാക്കാനോ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഭാഷ-ദേശ വിവേചനം ഒഴിവാക്കി വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.