കെഎസ്ആർടിസി ലോക്കൽ സർവീസുകൾ ആരംഭിച്ചിട്ടില്ല: യാത്രക്കാർ ദുരിതത്തിൽ
ഗ്രാമീണ റൂട്ടുകളിൽ മിക്കതിലും ലോക് ഡൗണിനു ശേഷം സ്വകാര്യ ബസുകൾ സർവീസുകൾ പുന:രാരംഭിച്ചെങ്കിലും കെഎസ്ആർടിസി അധികൃതർ ഒരു നീക്കവും നടത്തുന്നില്ലെന്ന് ആക്ഷേപം. ഡിപ്പോയിൽ നിന്ന് നേരത്തെ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളെയും ബന്ധിച്ച് ഓർഡിനറി സർവീസുകൾ നടത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം നിർത്തലാക്കിയ സർവീസുകൾ ഇടയ്ക്ക് ആരംഭിച്ചെങ്കിലും പിന്നീട് ഇതും നിർത്തി.
രണ്ടാം തരംഗത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗണിനു ശേഷം ഇപ്പോൾ പ്രധാന റൂട്ടുകളിൽ സ്വകാര്യ ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും കെഎസ്ആർടിസി ലോക്കൽ സർവീസുകൾ ആരംഭിച്ചിട്ടില്ല. ഇപ്പോൾ ബസുകളിൽ സീറ്റിങ് ആളെ മാത്രം കൊണ്ടു പോകാനാണ് നിർദേശം. അങ്ങനെ വരുന്നതിനാൽ പല റൂട്ടിലും അടുത്ത ആഴ്ച ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതോടെ എല്ലാവർക്കും ബസുകളിൽ യാത്ര ചെയ്യാൻ പറ്റാതെ വരും.
അതിനാൽ പ്രധാനപ്പെട്ട എല്ലാ ഗ്രാമീണ റൂട്ടുകളിലും കെഎസ്ആർടിസിയും നിലവിൽ ഉണ്ടായിരുന്ന ട്രിപ്പുകൾ എങ്കിലും പുന:രാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.