സംസ്ഥാനത്ത് സർവീസ് പെൻഷൻ കുടിശിക അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് പെൻഷൻ കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി. സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടറും ക്ഷേമ പെൻഷൻ വിതരണത്തിനുളള ഇന്‍സെന്‍റീവും അനുവദിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് 130 കോടി കൂടി അനുവദിച്ച സർക്കാർ റബർ സബ്‌സിഡി 180 രൂപയാക്കി വർധിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ആനുകൂല്യങ്ങള്‍ തടഞ്ഞു വെക്കുകയും ചെയ്തിരുന്ന ധനവകുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു ഇന്ന് അനുവദിച്ചു. അഞ്ച് ലക്ഷത്തിലേറെ പേർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. 628 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 ലെ ലീവ് സറണ്ടർ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാർക്കും പിഎഫ് ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക് പിഎഫിൽ ലയിപ്പിക്കും. ലൈഫ് മിഷന് സംസ്ഥാന വിഹിതമായി 130 കോടി രൂപാ കൂടി അനുവദിച്ചതോടെ പദ്ധതിക്ക് ഈ വർഷം അനുവദിച്ചത് 356 കോടിരൂപ.
സംസ്ഥാനത്തെ റബർ ഉൽപാദന ബോണസ് 180 രൂപയാക്കി ഉയർത്തിയതായും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റബർ സബ്‌സിഡി ഉയർത്തുമെന്ന് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. റബർ സബ്‌സിഡിക്കായി 24. 48 രൂപയാണ് അനുവദിച്ചത്. സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങൾക്കുള്ള ഇൻസെന്റീവ് ഇനത്തില്‍ 12.88 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എൻഎച്ച്‌എം, ആശ പ്രവർത്തകരുടെ
ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാൻ 40 കോടിയും അനുവദിച്ചിട്ടുണ്ട്.