ഹൈറേഞ്ചിൽ കുരിശുപള്ളികൾക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം: ഇടുക്കി രൂപതാ ജാഗ്രതാ സമിതി
ഹൈറേഞ്ചിൽ കുരിശുപള്ളികൾക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം: ഇടുക്കി രൂപതാ ജാഗ്രതാ സമിതി
കഴിഞ്ഞദിവസം ഹൈറേഞ്ചിലെ വിവിധ കുരിശുപള്ളികൾക്ക് നേരെ നടന്ന അക്രമ പരമ്പര അപലപനീയമാണ് എന്ന് ഇടുക്കി രൂപതാ ജാഗ്രത സമിതി. ഇടുക്കി കവലയിലുള്ള കട്ടപ്പന സെൻമേരിസ് ഓർത്തഡോക്സ് പള്ളിയുടെ കപ്പേള, 20 ഏക്കറിലുള്ള നരിയംപാറ സെൻമേരിസ് ഓർത്തഡോക്സ് പള്ളിയുടെ കപ്പേള, പോർസ്യുങ്കുല കപ്പുച്ചിൻ ആശ്രമത്തിന്റെ ഗ്രോട്ടോ, പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ട് കപ്പേളകൾ, കമ്പംമെട്ട് മുങ്കിപ്പള്ളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, പഴയ കൊച്ചറ സെന്റ് മേരീസ് പള്ളി, ചേറ്റുവഴി സെന്റ് മേരീസ് പള്ളി എന്നിവയുടെ കപ്പേളകളുമാണ് സാമൂഹ്യവിരുദ്ധർ എറിഞ്ഞു തകർത്തത്.
ബോധപൂർവ്വമായ ഈ നീക്കം അത്യന്തം ഖേദകരമാണ്. സമാധാനപൂർവ്വം ആളുകൾ ജീവിക്കുന്ന ഹൈറേഞ്ചിന്റെ പ്രദേശങ്ങളിൽ കുരിശുപള്ളികൾ തെരഞ്ഞുപിടിച്ച് അക്രമിച്ചതിന്റെ പിന്നിൽ എന്തെങ്കിലും അജണ്ടകൾ ഉണ്ടോയെന്ന് സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ആഗതമാകുന്ന ഈ സമയത്ത് ഇത്തരം നടപടികൾ ആളുകളുടെ ഇടയിൽ ഭിന്നത ഉണ്ടാക്കുന്നതിന് ബോധപൂർവ്വം സൃഷ്ടിക്കുന്നതാണോ എന്നും സംശയിക്കണം. അന്വേഷണം ഊർജ്ജമാക്കുകയും എത്രയും വേഗം ഈ കിരാത നടപടികൾ നടത്തിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം.
കുരിശുപള്ളികൾക്ക് നേരെ ഉണ്ടായ ആക്രമണം വിശ്വാസ സമൂഹത്തിന് ഉണ്ടാക്കിയ പ്രയാസം വലുതാണ്.
രാത്രിയുടെ മറവിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ശിക്ഷാ നടപടികൾ എടുക്കണം. നാട്ടിൽ സമാധാന അന്തരീക്ഷവും മതസൗഹാർദവും തകർക്കാതെയും സാഹോദര്യവും സൗഹൃദവും പുലർത്താനും എല്ലാവരും ശ്രമിക്കണം.
ഇടുക്കി രൂപതാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്,ബിനോയി മഠത്തിൽ, .ജോർജ് കോയിക്കൽ എന്നിവർ സംസാരിച്ചു.