ഏന്തയാര്‍, കൊക്കയാര്‍ പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
ഏന്തയാര്‍, കൊക്കയാര്‍ പാലങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലത്തിന്റെയും കൊക്കയാര്‍ പാലത്തിന്റെയും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ഏന്തയാര്‍ സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
കൊക്കയാര്‍-വെബ്ലി റോഡില്‍ കൊക്കയാര്‍ തോടിനു കുറുകെയാണ് കൊക്കയാര്‍ പാലം നിര്‍മ്മിക്കുന്നത്. 2021ലെ പ്രളയത്തില്‍ പാലെ പൂര്‍ണ്ണമായും തകര്‍ന്നതിനെത്തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുന്നതിന് 4.56 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കുകയായിരുന്നു. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.
9.5 മീറ്ററിന്റെ രണ്ട് സ്പാനും 14 മീറ്ററിന്റെ ഒരു സ്പാനും അടക്കം 33 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും 7.5 മീറ്റര്‍ ക്യാരിയേജ്‌വേയുമുണ്ടാവും. ഇരുവശത്തുമായി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയോടുകൂടി 234 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മ്മിക്കുന്നുണ്ട്. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടുകൂടി വെബ്ലി ഭാഗത്ത് നിന്നുള്ളവര്‍ക്ക് കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയ പാത 183 ലേക്കുള്ള യാത്ര സുഗമമാകും.
ഇടുക്കി ജില്ലയിലെ പീരുമേട് നിയോജകമണ്ഡലത്തെയും കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ മണ്ഡലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലം ഏന്തയാര്‍ മുക്കുളം റോഡില്‍ പുളകയാറിനു കുറുകെയാണ് നിര്‍മ്മിക്കുന്നത്. 2021ലെ പ്രളയത്തില്‍ ഏന്തയാര്‍ പാലത്തിന്റെ ഡെക് സ്ലാബ് ഉള്‍പ്പടെ ഒരു ഭാഗം പൂര്‍ണ്ണമായും ഒഴുകി പോയിരുന്നു. തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും 4.77 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാകുകയും ചെയ്തു. 12 മീറ്ററിന്റെ മൂന്ന് സ്പാനോടുകൂടി 36.9 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ഒരുവശത്ത് 1.50 മീറ്റര്‍ വീതിയോടുകൂടിയ നട
പ്പാതയും 7.5 മീറ്റര്‍ ക്യാരിയേജ്‌വേയുമുണ്ട്. ഇരുവശത്തുമായി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയോടുകൂടി 260 മീറ്റര്‍ നീളത്തില്‍
അനുബന്ധ റോഡുമുണ്ട്. പാലത്തിന്റെ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കും.
നിര്‍മാണോദ്ഘാടന ചടങ്ങില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ സാറ സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമുദായിക പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാബു എം ടി സ്വാഗതവും അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണു കൃഷ്ണന്‍ നന്ദിയും പറഞ്ഞു.