മറയൂരിൽ വന്യമൃഗശല്യം അതിരൂക്ഷം; കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ…
മറയൂർ വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടി
ഉപജീവനമാർഗമായ കാർഷിക വിളകൾ സംരക്ഷിക്കാൻ പോലും കഴിയാതെ മറയൂരിലെ കർഷകർ. കാട്ടുപോത്തും കാട്ടാനകളും ഉൾപ്പെടെയുള്ള വന്യജീവികൾ കൃഷിയിടത്തിൽ രാപകലായി തമ്പടിക്കുന്നതും അക്രമസക്തരാകുന്നതും കർഷകരെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ 3 വർഷത്തിനിടെ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ മരിക്കുകയും 3 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.
ഒന്നര ആഴ്ചയ്ക്കു മുൻപ് കൃഷിയിടത്തിലേക്ക് പോകുംവഴി കാട്ടുപോത്ത് ആക്രമണത്തിൽപെട്ട് ഗുരുതര പരുക്കേറ്റ് കണ്ണമ്മ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിനിടയിലാണ് തിങ്കളാഴ്ച രാത്രി കൃഷിത്തോട്ടത്തിൽ വെള്ളം നനയ്ക്കാൻ എത്തിയ അന്തോണി മുത്തുവിനെ ആക്രമിച്ചത്. പ്രദേശത്ത് കടുത്ത വേനൽചൂടിനൊപ്പം കഴിഞ്ഞദിവസം വനത്തിൽ കാട്ടുതീയും പടർന്നിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങിയതെന്ന് കർഷകർ പറയുന്നു. എന്നാൽ വനംവകുപ്പ് സംരക്ഷണവേലി നിർമിക്കാം എന്ന് പറഞ്ഞ് ഒഴിയുന്നതല്ലാതെ ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.