ഇടുക്കി മൂലമറ്റത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത് ആസൂത്രിത കൊല; സഹോദരീ പുത്രന്‍ അറസ്റ്റിൽ
തൊടുപുഴ : ഇടുക്കി മൂലമറ്റത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മൂലമറ്റം മുട്ടത്താണ് മാർച്ച് 31ന് പുലർച്ചെ സരോജിനിയെന്ന എഴുപത്തിയഞ്ചുകാരിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുവായ വെള്ളത്തൂവൽ സ്വദേശി സുനിലാണ് വർഷങ്ങൾ നീണ്ട ആസൂത്രിത കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഗ്യാസ് അടുപ്പിൽനിന്ന് തീപടർന്നായിരുന്നു മരണമെന്നാണു വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രൻ സുനിലിന്റെ മൊഴി. ഗ്യാസിൽനിന്ന് തീപടർന്നിട്ടില്ലെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണയൊഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തൊടുപുഴ ഡിവൈ.എസ്,പി സി. രാജപ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
എഴുപത്തഞ്ചുകാരിയായ സരോജിനി ഒറ്റയ്ക്കായിരുന്നു താമസം. രാത്രിയിൽ സുനിൽ വീട്ടിൽ കാവലിനായി വരാറുണ്ടായിരുന്നു. മാർച്ച് 31ന് പുലർച്ചെ മൂന്നിന് വീടിന് തീപിടിച്ചെന്നും സഹായിക്കണമെന്നും സഹോദരിയുടെ മകൻ അയൽക്കാരെ അറിയിച്ചു. അയൽക്കാർ എത്തുമ്പോഴേക്കും സരോജിനി മരിച്ചിരുന്നു. .