സിദ്ധാര്‍ഥന്റെ മരണം; ഹോസ്റ്റലില്‍ തെളിവെടുപ്പ്; മര്‍ദിക്കാന്‍ ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെടുത്തു


വയനാട് പൂക്കോട് സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്‍ മരിച്ച കേസില്‍ പ്രതികളുമായി തെളിവെടുപ്പ്. അറസ്റ്റിലായ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി കോളജ് ഹോസ്റ്റലിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മർദിക്കാൻ ഉപയോഗിച്ച വയറുകളും ഗ്ലൂഗണ്ണും കണ്ടെടുത്തു. ഒന്നാം പ്രതി സിന്‍ജോയുടെ സാന്നിധ്യത്തിലാണ് ഇവ കണ്ടെത്തിത്.
സിദ്ധാർഥന്‍ ആത്മഹത്യ . ദിവസങ്ങളോളം സിദ്ധാർഥന്റെ ഫോൺ പിടിച്ചുവെച്ചു എന്നു മാത്രമല്ല പൊലീസ് എത്തുന്നതിനുമുമ്പ് പ്രതികൾ മൃതദേഹം അഴിച്ചു മാറ്റുകയും ചെയ്തു. വിവരം പുറത്തു പറയാതിരിക്കാൻ വിദ്യാർഥികൾക്ക് എസ്എഫ്ഐയുടെ ഭീഷണിയുണ്ടെന്ന് എ.ബി.വി.പി. ആരോപിച്ചു. ദുർബലമായ വകുപ്പുകൾ ആണ് ചുമത്തിയത് എന്ന് സിദ്ധാർഥിന്റെ പിതാവും കുറ്റപ്പെടുത്തി.
ഹോസ്റ്റൽ ശുചിമുറിയിൽ സിദ്ധാർഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ സുഹൃത്തുക്കളിൽ ഒരാൾ പകർത്തിയ ആദ്യ ദൃശ്യങ്ങളാണ് പുറത്തായത്. ശുചിമുറി വെന്റിലേഷനിലെ കമ്പിയിലാണ് തൂങ്ങിയിരിക്കുന്നത്. മൃതദേഹത്തിൽ അടിവസ്ത്രം മാത്രം. ഈ വേഷത്തിൽ തന്നെയാണ് സിദ്ധാർഥിനെ ആൾക്കൂട്ട വിചാരണ നടത്തിയതും ക്രൂരമായി മർദിച്ചതും. പൊലീസ് എത്തുന്നതിനുമുമ്പ് മൃതദേഹം അഴിച്ചു മാറ്റിയത് പ്രതികൾ തന്നെയാണ്. സിദ്ധാർത്ഥ് എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന തോന്നലിൽ രാത്രി മുഴുവൻ പ്രതികൾ കാവലിരുന്നിരുന്നു.
18ന് രാവിലെ സിദ്ധാർഥന് വലിയ കുഴപ്പമില്ലെന്ന് കണ്ടതോടെ പ്രതികൾ ഭക്ഷണം കഴിക്കാനായി പോയി. ഈ സമയത്താണ് സിദ്ധാർഥ് ശുചിമുറിയിലേക്ക് പോയത്. ദിവസങ്ങളോളം സിദ്ധാർഥന്റെ ഫോൺ പ്രതികളുടെ കയ്യിലായിരുന്നു. വീട്ടുകാർ വിളിച്ചാൽ പോലും ഫോൺ നൽകിയിരുന്നില്ല. മർദനമേൽക്കുന്ന കാര്യം വീട്ടിൽ അറിയിക്കാതിരിക്കാൻ ആയിരുന്നു ഇത്. 18ന് രാവിലെയാണ് ഫോൺ തിരിച്ച് നൽകിയത്. തൊട്ടു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. വിവരങ്ങൾ പുറത്തു പറയാതിരിക്കാൻ വിദ്യാർഥികൾക്ക് എസ്എഫ്ഐ ഇപ്പോഴും ഭീഷണി തുടരുകയാണെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
അതിനിടെ കേസിൽ ആദ്യം പിടിയിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ഹോസ്റ്റലിൽ അലിഖിത നിയമം ഉണ്ടെന്നാണ് റിപ്പോർട്ട്. നാട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവരുത്തിയത് പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പുപറഞ്ഞാണ്. എന്നാൽ വന്നശേഷം സിദ്ധാർഥന് നേരിടേണ്ടി വന്നത് ക്രൂരമായ മർദനമായിരുന്നു.