ചെറുതോണി പുഴയോര സംരക്ഷണത്തിന്
13.50 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍
ചെറുതോണി പുഴയോര സംരക്ഷണത്തിനായി 13.50 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി, ചെറുതോണി ഡാമുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്നും പ്രളയത്തെ തുടര്‍ന്നും വന്‍ തോതില്‍ കരയിടിഞ്ഞ് അപകടത്തിലുമായ ചെറുതോണി പുഴയുടെ ടൗണ്‍ ഭാഗത്താണ് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്.
പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴികയതിനെ തുടര്‍ന്ന് നിരവധി കടകള്‍ വെള്ളത്തില്‍ ഒലിച്ചു പോവുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളുടെ അടിത്തറയ്ക്ക് തന്നെ ബലക്ഷയം സംഭവിച്ചിരുന്നു. ചെറുതോണി പാലത്തിനു പകരമായി പുതിയ പാലം നിര്‍മിച്ചെങ്കിലും പുഴയോരത്തുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ഭാഗവും വീടുകളും അപകടഭീഷണിയില്‍ തുടരുകയാണ്. പുഴയുടെ വീതി കൂടിയ ഭാഗമായതിനാല്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്നാണ് ജലവിഭവ വകുപ്പ് മുഖേന സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് നടപടി സ്വീകരിച്ചത്. ഇതോടൊപ്പം ചെറുതോണി പുഴയുടെ താഴ്ഭാഗത്ത്
വാഴത്തോപ്പ് – മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തകര്‍ന്നു പോയ നടപ്പാലം പുനര്‍ നിര്‍മിക്കാനും തീരുമാനമായി. നിരവധി യാത്രക്കാര്‍ പ്രധാന റോഡില്‍ നിന്ന് മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ല് ഇടുക്കി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന പാലമാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്രയമായിരുന്ന പാലം പുനര്‍ നിര്‍മിക്കുന്നതോടെ ചെറു വാഹനങ്ങള്‍ ഉള്‍പ്പെടെ പുഴ മുറിച്ചു കടക്കാന്‍ സാധിക്കും.