ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം സമയബന്ധിതമായി നടത്തണം: ജില്ലാ കളക്ടര്‍


ജില്ലയില്‍ പൂര്‍ത്തീകരിച്ച ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം സമയബന്ധിതമായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ടൂറിസം വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മാര്‍ച്ച് 14 മുതല്‍ 17 വരെ വാഗമണ്ണില്‍ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിനാവശ്യമായ എല്ലാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ ടൂറിസം പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ മാര്‍ച്ച് മാസം പൂര്‍ത്തിയാക്കണം. അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ. എസ്, ഡി.റ്റി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, കെഎസ്ഇബി, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.