വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്
നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിയെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ടതിൽ അക്യുപങ്ചറിസ്റ്റിൻ്റെ പങ്ക് സ്ഥിരീകരിച്ച് പൊലീസ്. യുവതിയും കുഞ്ഞും മരിക്കുന്നതിൻ്റെ തലേദിവസം ഷിഹാബുദ്ദീൻ നയാസിൻ്റെ വീട്ടിലെത്തി. വൈകിട്ട് വീട്ടിലെത്തിയ ഷിഹാബുദ്ദീൻ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയതെന്നും പൊലീസ്.കൃത്യമായ തെളുവുകളോടെയാണ് ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ഭർത്താവ് നയാസിനെയും ഷിഹാബുദ്ദീനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷിഹാബുദ്ദീനും ഭാര്യയും നയാസിൻ്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് അയൽവാസി 24 നോട്. ഷിഹാബുദ്ദീനൊപ്പം ഭാര്യയും ഷെമീറയ്ക്ക് ചികിത്സ നൽകാൻ എത്തി? ഇരുവരോടുമൊപ്പം നയാസിന്റെ ആദ്യ ഭാര്യയും മകളുമെത്തുമെന്നും അയൽവാസി.
നയാസിന്റെ ആദ്യ ഭാര്യയിലെ മകളുടെ ഗുരുവാണ് ഷിഹാബുദ്ദീൻ. ഷിഹാബുദീൻ വീട്ടിൽ താമസിച്ചും ചികിത്സ നൽകിയെന്ന് സംശയിക്കുന്നതായി അയൽവാസി പറഞ്ഞു. നിർണായക വെളിപ്പെടുത്തൽ നടത്തിയ അയൽവാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് അക്യുപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളത്ത് നിന്നാണ് ഷിഹാബുദ്ദീനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശിഹാബുദ്ദീനെ ഷമീറ മരണപ്പെട്ട വീട്ടിലെത്തിച്ച് തെളിവെടുത്തു.