37 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍ ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും ഇന്നലെ അതുണ്ടായില്ല. എന്നാല്‍ ഞായര്‍ വരെ മധ്യതെക്കന്‍ ജില്ലകളില്‍ വളരെ കുറച്ചു സ്ഥലങ്ങളില്‍ ചെറിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.