പീരുമേട്ടില്‍ റേഷന്‍ വിതരണം താളം തെറ്റുന്നു;താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ട് പതിറ്റാണ്ട്
പീരുമേട്: പ്രവര്‍ത്തനം നിലച്ച സപ്ലൈക്കോയുടെ കുട്ടിക്കാനത്തെ താലൂക്ക് ഡിപ്പോ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ചതോടെ സപ്ലൈക്കോയുടെ റേഷന്‍ വിതരണം മന്ദഗതിയിലാകുന്നതായിട്ടാണ് ആക്ഷേപം. നിലവില്‍ ഉടുമ്പന്‍ചോല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് പീരുമേട് താലൂക്കിലേക്ക് വിതരണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. 1990 ലാണ് കുട്ടിക്കാനത്ത് ആദ്യമായി താലൂക്ക് ഡിപ്പോ ആരംഭിക്കുന്നത്. എന്നാല്‍ 2000ത്തോടെ ഇത് നിര്‍ത്തലാക്കുകയും കാഞ്ഞിരപ്പള്ളി താലൂക്ക് ഡിപ്പോയോട് ചേര്‍ക്കുകയും ചെയ്തു.
പെരുവന്താനം, ഏലപ്പാറ, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, പെങ്കര, പീരുമേട്, മൊബൈല്‍ മാവേലി എന്നിവയുള്‍പെടെ 28റേഷന്‍ കടകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തു വന്നിരുന്ന എ.ഡബ്യു.ഡി ഡിപ്പോയാണ് കാഞ്ഞിരപ്പള്ളി ഡിപ്പോയോട് ചേര്‍ത്തത്.
ചപ്പാത്ത് മാവേലി സേ്റ്റാര്‍, ഉപ്പുതറ സൂപ്പര്‍ മാര്‍ക്കറ്റ്, ഉപ്പുതറ മെഡിക്കല്‍ സേ്റ്റാര്‍, കുമളി വാരം മാര്‍ക്കറ്റ് എന്നിവ നെടുങ്കണ്ടം ഡിപ്പോയിലേയ്ക്കും ചേര്‍ത്തു.
താലൂക്ക് ഡിപ്പോ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സ്ഥലവും സൗകര്യങ്ങളും കുട്ടിക്കാനത്ത് നിലവിലുണ്ട്. നിലവില്‍ സപ്ലൈക്കോയുടെ കുട്ടിക്കാനത്തെ ഗോഡൗണില്‍ എസ്.എസ്.എ ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനോട് ചേര്‍ന്ന് കിടക്കുന്ന 15 സെന്റ് സ്ഥലത്ത് ഗോഡൗണ്‍ നിര്‍മിച്ചാല്‍ താലൂക്ക് ഡിപ്പോ ഇവിടേക്ക് മാറ്റാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ നെടുങ്കണ്ടം ഡിപ്പോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താലൂക്കിലെ 40 ഔട്ട് ലറ്റുകളിലെ
പ്രതിമാസ വില്‍പ്പന ഏകദേശം 63 ലക്ഷവും കാഞ്ഞിരപ്പള്ളി ഡിപ്പോയുടെ കീഴിലുള്ള ഔട്ട് ലറ്റുകളുടെ പ്രതിമാസ വില്‍പ്പന 75 ലക്ഷം രൂപയുമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലും ഉടുമ്പന്‍ചോല താലൂക്കിലും കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ഉള്ളതിനാല്‍ യഥാസമയങ്ങളില്‍ പീരുമേട് താലൂക്കില്‍ സാധനങ്ങള്‍ എത്തിക്കുവാന്‍ കഴിയാതെ വരുന്നുണ്ട്. ഇതാണ് വില്‍പന കുറയാന്‍ കാരണമായത്. 80ശതമാനം തോട്ടം തെഴിലാളികള്‍ താമസിക്കുന്ന താലൂക്കില്‍ ഭൂരിഭാഗം ആളുകളും സപ്ലെ കോയെ ആശ്രയിക്കുന്നതിനാല്‍ ഡിപ്പോ പുനസ്ഥാപിക്കുകയും യഥാസമയത്ത് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുക വഴി വില്‍പനയില്‍ 40ശതമാനമെങ്കിലും വര്‍ധന ഉണ്ടാക്കാനാകും. ഡിപ്പോ നിര്‍ത്തലാക്കിയ സമയത്ത് പീരുമേട് ഡിപ്പോയില്‍ ഒരു ഡിപ്പോ മാനേജര്‍, ഒരു ജൂനിയര്‍ മാനേജര്‍, രണ്ട് അസിസ്റ്റന്റുമാര്‍, രണ്ട് എ.എസ്.എം. എന്നീ തസ്തികകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു എ.എം, രണ്ട് എസ്.എസ്.എം തസ്തികകള്‍ ഒഴിവാക്കുകയും ഒരു അസിസ്റ്റന്റ് തസ്തിക കാഞ്ഞിരപ്പള്ളിയിലേയ്ക്കും, ഒരു അസിസ്റ്റന്റ് തസ്തിക എക്‌സ്റ്റന്‍ഷന്‍ ഡിപ്പോയില്‍ കെയര്‍ ടേക്കര്‍ തസ്തികയായി മാറ്റുകയും ചെയ്തിരുന്നു. ഡിപ്പോ പുനഃസ്ഥാപിക്കുകയാണെങ്കില്‍ ഒരു എ.എം, ഒരു എ.എസ്.എം, രണ്ട് അസിസ്റ്റന്റുമാര്‍ എന്നീ തസ്തികളാണ് അധികമായി വേണ്ടി വരുന്നത്. കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റിയ ഒരു തസ്തിക തിരിച്ചെടുത്താല്‍ സപ്ലൈക്കോയ്ക്ക് വലിയ ബാധ്യതയില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ മാത്രം അധിക ചെലവ് വരുമെങ്കിലും കടത്തുകൂലി, കയറ്റിറക്കുകൂലി എന്നിവയിലെ കുറവും വില്‍പനയില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവും കണക്കിലെടുക്കുമ്പോള്‍ പീരുമേട് ഡിപ്പോ പുനസ്ഥാപിക്കുന്നത് ലാഭകരമാകുമെന്നാണ് വിലയിരുത്തല്‍.