ഡെങ്കിപ്പനി ഭീഷണിയിൽ കട്ടപ്പന നഗരം;ഈജിപ്റ്റ്യൻ ഈഡീസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി
കട്ടപ്പന:കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയിൽ കട്ടപ്പന നഗരം. പോലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്കും, സിവിൽ പോലീസ് ഉദ്യോഗസ്ഥനുമടക്കം മൂന്ന് പേർക്ക് രോഗമെന്ന് സംശയം.രോഗ വ്യാപനത്തിനിടയാക്കുന്ന ഈജിപ്റ്റ്യൻ ഈഡീസ് കൊതുകുകളുടെ സാന്നിധ്യവും കട്ടപ്പന മാർക്കറ്റിൽ കണ്ടെത്തി. കൊതുകുകൾ കൂടുതലായി പെറ്റുപെരുകിയിരിക്കുന്നത് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി വച്ചിരിക്കുന്ന വാട്ടർ ടാങ്കുകളിലാണെന്ന് വെക്ടർ കൺട്രോൾ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കട്ടപ്പനയിൽ ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ മൂന്ന് പേരെ നിരീക്ഷണത്തിലാക്കിയത്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ എസ്ഐ. അടക്കമുള്ള രണ്ട് ഉദ്ദ്യോഗസ്ഥരും, ഒരു ഇതര സംസ്ഥാന തൊഴിലാളിയ്ക്കുമാണ് രോഗം ബാധിച്ചതായി സംശയിക്കുന്നത്. ഇവർ ഇപ്പോൾ ചികിത്സയിലാണ്. അതിവേഗ രോഗ വ്യാപനത്തിന് കാരണക്കാരാകുന്ന ഈജിപ്റ്റ്യൻ ഈഡീസ് കൊതുകുകളുടെ സാന്നിധ്യം കട്ടപ്പന മത്സ്യ- മാംസ മാർക്കറ്റിൽ കണ്ടെത്തി. അതോടൊപ്പം ഈഡീസ് ആൽബോപിക്റ്റസ് കൊതുകുകളുടെ വളർച്ചയും നഗരത്തിലുണ്ട്. രോഗവ്യാപനം തടയാൻ അതീവ ജാഗ്രതയിലാണ് വെക്ടർ കൺട്രോൾ യൂണിറ്റും നഗരസഭയും. ഫോംഗിങ് ഉൾപ്പെടെ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് . ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായും മറ്റാവശ്യങ്ങൾക്കുമായി വ്യാപാര സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാട്ടർ ടാങ്കുകളിൽ ഈഡീസ് ഈജിപ്തി കൊതുകുകൾ വ്യാപകമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ശുദ്ധജലത്തിലാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഈ സാഹചര്യത്തിൽ ഉറവിട നശീകരണം മാത്രമാണ് പരിഹാരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം ശേഖരിക്കുന്ന വാട്ടർ ടാങ്കുകൾ ശുദ്ധീകരിക്കുന്നതിനൊപ്പം അടച്ചുമൂടി വയ്ക്കണമെന്നും റെഫ്രിജെറേറ്ററുകളുടെ പിറകിൽ ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രോഗവ്യാപനത്തിന് കാരണമാകുന്ന കൊതുകുകളെ കണ്ടെത്തിയ സാഹചര്യത്തിൽ വെക്റ്റർ സ്‌റ്റഡിയും ഫീവർ സർവേയും നടത്തുമെന്നും മലേറിയ ഇൻസ്പെക്ടർ എം.ഷിബു പറഞ്ഞു.