ജീവിതാനുഭവങ്ങളെ വചനത്തിന്റെ വെളിച്ചത്തിൽ കാണാൻ കഴിയണം: മാർ ജോൺ നെല്ലിക്കുന്നേൽ


ജീവിതാനുഭവങ്ങളുടെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ കാണാൻ കഴിയുമ്പോഴാണ് വിശ്വാസത്തിൽ വളരാൻ കഴിയുന്നതെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപതാ ബൈബിൾ കൺവെൻഷൻ ഇരട്ടയാറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശയസംവേദന വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തിൽ ദൈവവുമായി ഹൃദയ അടുപ്പം പുലർത്താൻ നമുക്ക് കഴിയണം. അനുതാപമുള്ളവർക്കാണ് സുവിശേഷത്തിലുള്ള വിശ്വാസത്തിൽ ആഴപ്പെടാൻ കഴിയുന്നത്.അനുതാപത്തിന്റെയും ഹൃദയ പരിവർത്തനത്തിന്റെയും അനുഭവം സമ്മാനിക്കാൻ കൺവെൻഷൻ വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.ജീവിതത്തിൽ തിരസ്കരണത്തിന്റെയും ദുഃഖത്തിന്റെയും അനുഭവങ്ങൾ ക്രിസ്തുവിന്റെ കുരിശിനോട് ചേർത്തുവയ്ക്കാൻ കഴിയണം.നമ്മുടെ രാജ്യത്ത് സുവിശേഷത്തി നെതിരെ പ്രവർത്തിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ പ്രാർത്ഥിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറാൾമാരായ മോൺ ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ് എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായിരുന്നു.അണക്കര മരിയൻ ധ്യാനകേന്ദ്ര ഡയറക്ടർ ഫാ.ഡോമിനിക് വാളംമനാൽ ആണ് കൺവൻഷൻ നയിക്കുന്നത്. മാർ ജോസഫ് അരുമച്ചാടത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആയിക്കണക്കിന് വിശ്വാസികളും വൈദികരും സന്ന്യസ്തരും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്. കൺവൻഷനുശേഷം ആളുകൾക്ക് തിരികെ പോകാനുള്ള വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പാർക്കിംഗിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഞായറാഴ്ചയാണ് കൺവൻഷൻ അവസാനിക്കുന്നത്.