തൊമ്മൻകുത്ത് റൂട്ടില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്
നെയ്യശേരി-തോക്കുന്പൻസാഡില്‍ റോഡിന്‍റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായും വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ മൂലം ജനങ്ങളും ഈ റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഇന്നു സൂചനാ പണിമുടക്ക് നടത്തുമെന്ന് ബഹുജന സമരസമിതി ചെയർമാൻ മനോജ് കോക്കാട്ട്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ എന്നിവർ അറിയിച്ചു.കരാർ ഏറ്റെടുത്തിരിക്കുന്ന കന്പനി വിവിധ ജോലികള്‍ പരിചയസന്പന്നരല്ലാത്തവർക്ക് ഉപകരാർ നല്‍കി നിർമാണ പ്രവൃത്തിയില്‍ ഉദാസീനത കാണിക്കുകയാണ്. മുളപ്പുറം പാലം ഇതുവരെ കരകവിഞ്ഞിട്ടില്ല. എന്നാല്‍ മുന്പുണ്ടായിരുന്ന പാലത്തിന്‍റെ ഉയരം ഇരട്ടിയാക്കിയതുമൂലം ഇരുവശവും ഏറെ ദൂരം മണ്ണിട്ടുനികത്തേണ്ട സാഹചര്യമാണ്.
പാലത്തിന്‍റെ അസ്തിവാരം താഴ്ത്തി നിർമിക്കാത്തതുമൂലം അടിഭാഗത്ത് അഞ്ചടി താഴ്ചയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്താൻ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഇപ്രകാരം നിർമാണം നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നു പരിശോധിക്കണം. റോഡ് ടെൻഡർ പൂർത്തിയായ ഉടൻ തന്നെ പാലം പൊളിക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. ഇതുമൂലം മൂന്നു കിലോമീറ്ററോളം അധികം ചുറ്റിസഞ്ചരിച്ചാണ് സ്വകാര്യബസുകള്‍ സർവീസ് നടത്തുന്നത്.
ഈ റോഡില്‍ ടാറിംഗ് അല്‍പം പോലും ഇല്ലാതെ പൂർണമായി തകർന്നിരിക്കുകയാണ്. പ്രദേശത്ത് പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. താത്കാലികമായി ഉപയോഗിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കി നല്‍കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. റോഡ് തകർന്നതുമൂലം സ്വകാര്യബസ് ജീവനക്കാർക്ക് സമയത്ത് ഓടിയെത്താൻ കഴിയാതെ കനത്ത നഷ്ടമാണ് പലപ്പോഴും ഉണ്ടാകുന്നത്.
വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. കെഎസ്ടിപി, വൈദ്യുതിവകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ് എന്നിവർ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം നാളുകളായി ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ട ഗതികേടിലാണ്.
ഒരു വർഷം മുന്പ് പൊളിച്ച മുളപ്പുറം പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ച് തുറന്നുനല്‍കാത്തത് ആരെ സഹായിക്കാനാണെന്നു വ്യക്തമാക്കണം. പാലംവരെയുണ്ടായിരുന്ന ടാറിംഗ് ജെസിബിക്ക് ഇളക്കി ഒരുവാഹനത്തിനും സഞ്ചരിക്കാൻ കഴിയാത്ത വിധം നശിപ്പിച്ചതും ദുരൂഹമാണ്.
റോഡ് നിർമാണം നീട്ടിക്കൊണ്ടുപോയി നിലവിലുള്ള കരാർതുക ഉയർത്താനുള്ള ശ്രമം നടക്കുന്നതായും സംശയമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് നിർമാണം പൂർത്തീകരിക്കാനും കോട്ട-മിഷൻകുന്ന് റോഡ് ഗതാഗത യോഗ്യമാക്കാനും അടിയന്തര നടപടി ഉണ്ടാകണം. ഇക്കാര്യത്തില്‍ അലംഭാവം തുടർന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ഇവർ മുന്നറിയിപ്പ് നല്‍കി.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഷാജി മൻസൂര്യ, ജോബി ഐപ്, മുജീബ് പാലാഴി, അമല്‍ദേവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു