ഏലപ്പാറ-പരപ്പ് റൂട്ടിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കി
മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി 14 മുതല്‍ ഏലപ്പാറ – പരപ്പ് റൂട്ടില്‍ ഗതാഗത നിരോധനം ഏർപ്പെടുത്താനുള്ള തിരുമാനം മാറ്റി. കെഎസ്‌ആർടിസി ഉള്‍പ്പെടെ ഇതുവഴിയുള്ള എല്ലാ ഗതാഗതവും പൂർണമായും നിരോധിക്കാനായിരുന്നു തിരുമാനം. ഗതാഗതം തിരിച്ചുവിടാൻ തീരുമാനിച്ചിരുന്ന ഉപ്പുതറ – ചീന്തലാർ റൂട്ടിലെ തവാരണ ഭാഗത്ത് കോണ്‍ക്രീറ്റ് ജോലി നടക്കുന്നതാണ് തീരുമാനം മാറ്റാൻ കാരണം.
ചൊവ്വാഴ്ചയാണ് തവാരണ ഭാഗത്ത് കോണ്‍ക്രീറ്റ് ജോലി തുടങ്ങിയത്. ഈ മാസം 30നു ശേഷമേ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടാനാകൂ. വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും തടസം ഉണ്ടോ എന്ന് പ്രാദേശിക ഭരണകൂടവുമായി കൂടിയാലോചന നടത്താതെയാണ് ഗതാഗത നിരോധനം ഏർപ്പെടുത്താൻ കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) തിരുമാനിച്ചത്. അറിയിപ്പു വന്നയുടൻ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് കെ. ജേക്കബ് എൻജിനിയറെ തടസമുള്ള വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍, നിരോധനം പിൻവലിച്ച് അറിയിപ്പു നല്‍കിയില്ല. അതിനിടെ കട്ടപ്പനയില്‍നിന്നു കോട്ടയത്തിനു പോയ കെഎസ്‌ആർടിസി ബസ് മേരികുളം കുരമ്ബാറ പാലത്തില്‍ കുടുങ്ങി.
മേരികുളം ടൗണില്‍നിന്നും തിരിഞ്ഞ് ആലടിയിലേക്കു പോകുമ്ബോഴാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ബസിന് പാലം കടന്നുപോകാനായത്. ഇത്രയും നേരം ഇതുവഴി വന്ന മറ്റു വാഹനങ്ങളും വഴിയില്‍ കുടുങ്ങി.