ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യാനുള്ള പദ്ധതി;പ്രതീക്ഷയര്‍പ്പിച്ച് ചെറുകിട തേയില കര്‍ഷകര്‍
കട്ടപ്പന: പരമ്പരാഗത തോട്ടവിളകള്‍ക്ക് പുറമേ ഫലവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ പദ്ധതി തയാക്കുമെന്നുള്ള പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ചെറുകിട തേയില കര്‍ഷകര്‍. റംബുട്ടാന്‍, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റീന്‍, ലോങ്കന്‍, പുതിയയിനം ഫലവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യാനും വിപണനം നടത്താനും ശേഖരിച്ച് സൂക്ഷിക്കാനും മൂല്യവര്‍ധനന ഉറപ്പാക്കാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠനവും ചര്‍ച്ചയും നടത്തി ആറ് മാസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇടവിളയായി ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യാന്‍ സബ്‌സിഡി അനുവദിക്കണമെന്ന് ചെറുകിട തേയില കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ ബംഗാളിനും ആസാമിനുമായി പ്രഖ്യാപിച്ച 1000 കോടിയുടെ പാക്കേജില്‍ ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ നവംബറില്‍ ടീ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സംഘം ജില്ലയില്‍ എത്തി തേയില കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ച്ചയായ പ്രളയങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം ഉടലെടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് കര്‍ഷകര്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതിലൊന്നായിരുന്നു തേയില തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നത്. അനുകൂല കാലാവസ്ഥയായതിനാല്‍ ഓറഞ്ച്, ആപ്പിള്‍, റമ്പൂട്ടാന്‍, ലിച്ചി, സബര്‍ജെല്ലി, പാഷന്‍ഫ്രൂട്ട്, പപ്പായ, മാവ്, പ്ലാവ് തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാന്‍ കഴിയുമെന്ന് സംഘത്തെ അറിയിച്ചു. കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞ് സംഘം മടങ്ങി. എന്നാല്‍ രാജ്യത്തെ ആകെ തേയില ഉല്‍പാദനത്തിന്റെ 59 ശതമാനവും സംഭാവന ചെയ്യുന്ന തമിഴ്‌നാടിനെയും കേരളത്തിനെയും കേന്ദ്ര ബഡ്ജറ്റില്‍ അവഗണിച്ചെന്നു മാത്രമല്ല കേരളത്തിലെ കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ ബംഗാളിനും ആസാമിനുമായി പ്രഖ്യാപിച്ച 1000 കോടിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഉല്‍പാദനം കുറഞ്ഞ സാഹചര്യത്തില്‍ ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യാനുള്ള പുതിയ പദ്ധതി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ച്ചയായ പ്രളയങ്ങളും കോവിഡ് മഹാമാരിയും മൂലം കേരളത്തിലെ ഉല്‍പാദനം 40 ശതമാനമാണ് കുറഞ്ഞത്. മൂന്നു വര്‍ഷത്തിലധികമായി ഉല്‍പാദനം വര്‍ധിച്ചിട്ടില്ല. നിലവില്‍ 15.55 രൂപയാണ് പച്ചക്കൊളുന്തിന് വില. കഴിഞ്ഞ മാസത്തേയ്ക്കാള്‍ ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്, ബംഗാള്‍, ആസാം, ഉത്തരാഖണ്ഡ്, ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉല്‍പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. കേരളത്തില്‍ ഏറ്റവുമധികം ഉല്‍പാദനം ഇടുക്കിയിലും രണ്ടാമത് വയനാട്ടിലുമാണ്. 26,000ല്‍പ്പരം ചെറുകിട തേയില കര്‍ഷകരാണ് ഇടുക്കിയിലുള്ളത്.