മനുഷ്യർക്ക് ജീവിക്കേണ്ടേ? വണ്ടിപ്പെരിയാറും ഏലപ്പാറയും തെരുവുനായ്ക്കളുടെ പിടിയിൽ
ഏലപ്പാറ • വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലെ
തെരുവുനായ ശല്യം ആശങ്ക ഉയർത്തുന്നു. ഏലപ്പാറ മാർക്കറ്റ് റോഡിൽ രണ്ടു പേർക്ക് നായയുടെ കടിയേറ്റപ്പോൾ വണ്ടിപ്പെരിയാറിൽ ഒരാൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഏലപ്പാറയിൽ മാർക്കറ്റ് റോഡ്, സ്‌കൂൾ പരിസരം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾ കൂട്ടമായി കറങ്ങി നടക്കുന്നത്. സ്കൂളിനു സമീപം നായ്ക്കളുടെ ശല്യം വർധിച്ചത് വിദ്യാർഥികളെ ഭയപ്പെടുത്തുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുപേരെ നായ കടിച്ചത്. രാത്രി ബസിറങ്ങി വീടുകളിലേക്കു നടന്നു പോകുന്നവർ, പുലർച്ചെയുള്ള കാൽനടക്കാർ എന്നിവർ ശരിക്കും ബുദ്ധിമുട്ടിലാണ്. പഞ്ചായത്ത് അധികൃതരെ പരാതി അറിയിച്ചെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ ഇതു ഗൗരവമായി എടുത്തില്ലെന്നാണു നാട്ടുകാരുടെ പരാതി.
വണ്ടിപ്പെരിയാറിൽ പഞ്ചായത്ത് ബസ് സ്‌റ്റാൻഡ്, പഞ്ചായത്ത് മൈതാനം എന്നിവിടങ്ങളിലാണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. കൂടാതെ മാലിന്യം അടിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലും നായ്ക്കൾ സംഘടിച്ചെത്തി ബഹളം കുട്ടുന്നതു പതിവാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് മുതിർന്ന പൗരനു നേരെ ആക്രമണം ഉണ്ടായത്. വിദ്യാർഥികൾ യാത്ര ചെയ്യുന്ന വഴികളിൽ മുഴുവൻ സമയവും നായ്ക്കളെ കാണാം. മാലിന്യങ്ങൾ അടിഞ്ഞുകൂടിക്കിടക്കുന്നതും നായ്ക്കൾ പ്രദേശത്ത് കറങ്ങി നടക്കുന്നതിന് ഇടയാക്കുന്നു. നായ്ക്കളെ പിടികൂടുന്നതിനു പുറമേ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.