പി.എം.ജി.എസ്.വൈ. റോഡുകൾ: ജില്ലയിൽ 46.42 കോടിയുടെ പദ്ധതി-എം.പി.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ (പി.എം.ജി.എസ്.വൈ.) പെടുത്തി നിർമിക്കുന്ന ജില്ലയിലെ റോഡുകൾക്കായി സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചു.
62.95 കിലോമീറ്റർ ദൂരം വരുന്ന റോഡുകളുടെ നിർമാണത്തിന് 46.42 കോടി രൂപയാണ് അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. ഇവയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമാണം ആംരംഭിക്കും.
ഇനിയുള്ള 14 റോഡുകൾക്ക് അംഗീകാരം നൽകുന്നത് (ആകെ 89.84 കിലോമീറ്റർ.) സംസ്ഥാനതല സാങ്കേതിക സമിതിയുടെ പരിഗണനയിലാണ്. ജില്ലയിൽ 500 കിലോമീറ്റർ റോഡ് നിർമിക്കാൻ പി.ഐ.യു. സന്നദ്ധമാണെന്നും ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി ഇക്കാര്യത്തിൽ അനുഭാവപൂർവമായ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ട് എം.പി. കേന്ദ്ര ഗ്രാമവികസനവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമറിനെ കണ്ട് അഭ്യർഥിച്ചിരുന്നു.
ബാച്ച് ഒന്നിൽ അംഗീകാരം ലഭിച്ച മ്ലാമല-ലാൻഡ്രം-പുതുവൽ-ഓൾഡ് പാമ്പനാർ റോഡിന്റെ നിർമാണം മേയ് 28-ന് ആരംഭിച്ചിരുന്നു.
2019 ഓഗസ്റ്റിലാണ് പി.എം.ജി.എസ്.വൈ. ഫേസ്-3 നടപടിക്രമങ്ങൾ ആരംഭിച്ചത്.
ടെൻഡർ പൂർത്തീകരിച്ച് ഒരു വർഷത്തിനകം റോഡ് നിർമാണങ്ങൾ പൂർത്തീകരിക്കുവാൻ കഴിയുമെന്നും എം.പി. അറിയിച്ചു.