ദേശീയ വിരവിമുക്ത ദിനം 8 ന്
*ദേശീയ വിരവിമുക്ത ദിനം 8 ന് *
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 8 ന് ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്കി വിര രോഗ നിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി സ്കൂളുകളിലും അങ്കണവാടികളിലും കുട്ടികള്‍ക്ക് സൗജന്യമായി വിരഗുളിക നല്‍കും. അന്നേദിവസം വിരയ്ക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15 – ന് മോപ്പ് അപ്പ് റൗണ്ടിലും ഗുളികകള്‍ ലഭ്യമാക്കും. വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും മൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. പഠനത്തില്‍ ശ്രദ്ധക്കുറവ്, പ്രായത്തിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാതിരിക്കുക എന്നിവ വിരബാധയുടെ ലക്ഷണങ്ങളാണ്. കൊക്കപ്പുഴു, ചാട്ട വിര, ഉരുളന്‍ വിര, കൃമി, നാടവിര തുടങ്ങിയവയെയാണ് വിരഗുളിക നല്കി പ്രതിരോധിക്കുന്നത്.
വിരബാധയുടെ ലക്ഷണങ്ങള്‍ കുട്ടികളില്‍
- വയറു വേദന, ഛര്‍ദ്ദി, വയറിളക്കം
*മലദ്വാരത്തില്‍ ചൊറിച്ചില്‍
*മലത്തില്‍ വിരകള്‍
*വിളര്‍ച്ച
*തൂക്കകുറവ്
എങ്ങനെ വിരബാധ തടയാം
*മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
*ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ഭക്ഷണം കഴിച്ചതിനു ശേഷവും കൈകള്‍ കഴുകുക.
*ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ കഴുകുക.
*തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനം പാടില്ല.
*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
*ഭക്ഷണം അടച്ച് സൂക്ഷിക്കുക
*കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.
*അടിവസ്ത്രം ദിവസവും മാറുക.
*മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യം ശരിയായി സംസ്കരിക്കുക.
*പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
*6മാസത്തിലൊരിക്കല്വിരബാധയ്ക്കെതിരെ ഗുളിക കഴിക്കുക.
2 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയും (400 മി.ഗ്രാം) ഒന്നുമുതല്‍ 2 വയസ്സുവരെ യുള്ള കുഞ്ഞുങ്ങള്‍ക്ക് അര ഗുളികയുമാണ് (200 മി.ഗ്രാം) നല്‍കുന്നത്. വിരഗുളിക പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവും സൗജന്യമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍,ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അങ്കണവാടി , സ്കൂളുകള്‍, ആശമാര്‍ എന്നിവരില്‍ നിന്നും ഫെബ്രുവരി 8 , 15 തീയതികളില്‍ ലഭ്യമാണ്.കഴിയുന്നതും നാളെതന്നെ ഗുളികകള്‍ നല്കാന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പ്രസ്തുത പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍സ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിര്‍വഹിക്കും