നത്തിങ് ഫോൺ 2എ ഈ മാസം എത്തും; പുതിയ ഇയർബഡും എത്തിക്കും
നത്തിങ്ങിന്റെ പുതിയ ഫോൺ നത്തിങ് ഫോൺ 2a ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ ഫോണിന്റെ ലോഞ്ച് തിയതി ഇവർ പുറത്ത് വിട്ടിട്ടില്ല. നത്തിങ് നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച നത്തിങ് ഫോണും നത്തിങ് ഫോൺ 2വും മികച്ച അഭിപ്രായമാണ് ഉണ്ടായത്. തുടർന്നാണ് ബജറ്റ് ഫ്രണ്ട്ലി ഫോണായി നത്തിങ് 2എ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.
നിലവിൽ ഈ ഫോണിന്റെ വിവരങ്ങൾ പങ്കിട്ട് ഒരു ടീസർ വീഡിയോ നത്തിങ് ഇന്ത്യയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദിവസേനയുള്ള ഉപയോഗത്തിന് ഏറെ ഉപകാരപ്പെടുന്ന ഫോണായിരിക്കും ഇതെന്നാണ് നത്തിങ് അവകാശപ്പെടുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നത്തിങ് ഫോൺ 2എയിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
50എപി സാംസങ് ISOCELL S5KGN9 ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി ക്യാമറ. 50എംപിയുടെ തന്നെ ISOCELL JN1 അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഫോണിൽ സ്ഥാനം പിടിച്ചേക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ഔട്ട് ഓഫ് ദി ബോക്‌സിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,290 mAh ബാറ്ററി ആയിരിക്കും ഫോണിന് ഉണ്ടാവുക.
ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 36,800 രൂപയാണ് ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്. അതേസമയം മറ്റ് രണ്ട് ഉത്പന്നങ്ങളും നത്തിങ് ഉടൻ പുറത്തിക്കും എന്നും സൂചന ലഭിച്ചിട്ടുണ്ട്. ഒരു പുതിയ ഇയർ ബഡും പുതിയ നെക്ക്ബാൻഡ് പ്രോയും ആണ് ഇവർ പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. നത്തിങ്ങിന്റെ സബ് ബ്രാൻഡ് ആയ സിഎംഎഫ് ആയിരിക്കും പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുക.