രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ അറുപതിനായിരത്തിൽ
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.27 ശതമാനമാണ്. ഇന്നലെ മാത്രമായി 1587 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയായി. 88,977 പേരുടെ രോഗം ഭേദമായി. രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയർന്നു. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 26 കോടി 89 ലക്ഷം കടന്നു. കേരളത്തിൽ മാത്രമാണ് പ്രതിദിനരോഗബാധ 10,000 കടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് വന്ന വാർത്താക്കുറിപ്പ് പ്രകാരം കേരളത്തിൽ പ്രതിദിനരോഗബാധ 12,649 ആണ്.
അതേസമയം, രാജ്യത്ത് പുതുതായി കണ്ടെത്തിയ കൊറോണവൈറസിന്‍റെ പുതിയ വകഭേദം ഡെൽറ്റയും, ഡെൽറ്റ പ്ലസും അതീവ വ്യാപനശേഷിയുള്ളതാണെന്നും, ആശങ്കപ്പെടേണ്ടതും ജാഗ്രത പുലർത്തേണ്ടതുമാണെന്നും അമേരിക്കയിലെ സിഡിഎസ് (സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ) വ്യക്തമാക്കുന്നു.
ഇതിനിടെ, സെറം ഇൻസ്റ്റിറ്റ്യൂട്ട്, അടുത്ത മാസം മുതൽ കൊവോവാക്സ് എന്ന, കുട്ടികൾക്കായുള്ള വാക്സീനിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. NVX-CoV2372 എന്ന വാക്സീന് പേര് നൽകിയിരിക്കുന്നത് കൊവോവാക്സ് എന്നാണ്. അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ നൊവോവാക്സ് ആണ് വാക്സീൻ വികസിപ്പിച്ചത്. 90.4 ശതമാനം ഫലപ്രാപ്തിയാണ് മൂന്നാംഘട്ട പരീക്ഷണങ്ങൾ വരെ കൊവോവാക്സ് പ്രകടിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.