ബാലപാര്‍ലമെന്റ് ഫെബ്രുവരി 3 ന്


ജനാധിപത്യസംവിധാനങ്ങളുടെ ആവശ്യകത, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമസമിതി ഫെബ്രുവരി 3 ന് ബാലപാര്‍ലമെന്റ് സംഘടിപ്പിക്കും. ജനാധിപത്യത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുടെ വ്യക്തിത്വവികസനത്തിനും ഉതകുന്ന വിധമാണ് പാര്‍ലമെന്റിന്റെ നടത്തിപ്പ്. അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ഉള്‍പ്പെടുത്തി ഒരു യഥാര്‍ത്ഥ പാര്‍ലമെന്റിന്റെ പരിഛേദമായി ഈ പരിപാടി മാറുമെന്ന് ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ് പറഞ്ഞു.
എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും കുട്ടികളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്ന 2002-ലെ ഐക്യരാഷ്ട്ര സമിതിയുടെ ‘കുട്ടികള്‍ക്കിണങ്ങിയ ലോകം’ ഓര്‍മ്മപ്പെടുത്തലാണ് ബാല പാര്‍ലമെന്റ് കൊണ്ട് സമിതി ഉദ്ദേശിക്കുന്നത്. കുട്ടികള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ വികസനാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുന്ന ‘കുട്ടികള്‍ക്കിണങ്ങിയ ഇന്ത്യ’ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പരിശ്രമമാണ് സമിതി സംഘടിപ്പിക്കുന്ന ബാല പാര്‍ലമെന്റ്.
രാജ്യത്തിന്റെ പൊതുവായ വികസനപ്രശ്‌നങ്ങളും നേട്ട-കോട്ടങ്ങളും വിവിധങ്ങളായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളും ഒപ്പം വിദ്യാഭ്യാസം, പോഷണം, ആരോഗ്യം, സംരക്ഷണം, വിനോദം തുടങ്ങിയവയ്‌ക്കെല്ലാമുള്ള രാജ്യത്തെ കുട്ടികളുടെ അവകാശം എത്രത്തോളം ഉറപ്പാക്കപ്പെട്ടിട്ടുണ്ടെന്ന പരിശോധന ഈ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഗൗരവപൂര്‍വ്വം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.
യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളിലെ 500 കുട്ടികളാണ് ഓരോ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പാര്‍ലമെന്റില്‍ പങ്കെടുക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി മുഖേന തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാര്‍ലമെന്റ് നേതാക്കളായി ഈ പരിപാടി നയിക്കുന്നത്. ഇതിനായി ജില്ലാ കേന്ദ്രങ്ങളില്‍ ജനുവരി 21 മുതല്‍ ഒരാഴ്ചയായി കുട്ടിനേതാക്കള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനം നല്‍കി വരുകയാണ്. കുട്ടികളുടെ രംഗത്തെ പ്രമുഖരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 3ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളില്‍ മന്ത്രിമാര്‍ പാര്‍ലമെന്റ് നിയമസഭാംഗങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. ബാല പാര്‍ലമെന്റ് ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കും. ബാല പാര്‍ലമെന്റിന്റെ ജില്ലാ തല ഉദ്ഘാടനം ഫെബ്രുവരി 3 ന് വൈകിട്ട് 3 മണിക്ക് ചെറുതോണി ടൗണ്‍ ഹാളില്‍ നടക്കും. പാര്‍ലമെന്റിന്റെ തികഞ്ഞ രൂപത്തിലും ഭാവത്തിലുമായിരിക്കും പരിപാടി നടക്കുന്ന വേദി ഒരുക്കുന്നത്.