പൊലീസ് സ്റ്റേഷനുകളില്‍ ‘നിരീക്ഷണം’ ഇല്ല; ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പൂര്‍ത്തിയായില്ല


സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതി സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ഭൂരിഭാഗം സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിച്ചെങ്കിലും പരിശോധനകള്‍ നടക്കുന്നതേയുള്ളു. 2020 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
വരാപ്പുഴ കസ്റ്റഡി മരണത്തിന് പിന്നാലെയാണ് സ്റ്റേഷനുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യാമറ സ്ഥാപിച്ച് തുടങ്ങിയത്. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് 2020 ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2021 ല്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ 6240 ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതി ആവിഷ്കരിച്ചു. 41.6 കോടിരൂപയായിരുന്നു ചെലവ്. എട്ട് ടി.ബി മെമ്മറി, രാത്രി ദൃശ്യങ്ങളും പകര്‍ത്താനുള്ള ശേഷി എന്നിവ ഉറപ്പാക്കണമെന്നും മാര്‍ഗരേഖയിലുണ്ടായിരുന്നു. ശബ്ദമടക്കം റെക്കോര്‍ഡ് ചെയ്ത് ഒന്നരവര്‍ഷംവരെ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിട്ടില്ല. ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും നിരീക്ഷണസമിതികളും രൂപീകരിച്ചിട്ടുണ്ട്.