ചെക്ക്ഡാമിന്റെയും പാലത്തിന്റെയും നിര്‍മ്മാണോദ്ഘാടനം 28 ന്


കാളിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന ചെക്ക്ഡാമിന്റെയും അനുബന്ധ പാലത്തിന്റെയും നിര്‍മ്മാണോദ്ഘാടനം 28 ന് 11 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കുമാരമംഗലം പയ്യാവ്കടവ് ഭാഗത്ത് നടക്കുന്ന പരിപാടിയില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാവും. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
ഇടുക്കി ജില്ലയില്‍ കുമാരമംഗലം പഞ്ചായത്തിലെ പയ്യാവ് ഭാഗത്തെയും എറണാകുളം ജില്ലയില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കെപുന്നമറ്റം ഭാഗത്തെയും ബന്ധിപ്പിച്ചുകൊണ്ട് കാളിയാര്‍ പുഴയ്ക്ക് കുറുകെ പയ്യാവ് ഭാഗത്ത് ചെക്ക്ഡാമും പാലവുമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി നബാര്‍ഡ് മുഖാന്തിരം 10 കോടി രൂപയാണ് അനുവദിച്ചത്. കുമാരമംഗലം, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കാര്‍ഷികാഭിവൃദ്ധി, ശുദ്ധജലസ്രോതസ്സായ കാളിയാര്‍ പുഴയുടെ ജലസംരക്ഷണം, ഭൂജല പരിപോഷണം, പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതാഗത സൗകര്യം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, വജനപ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.