കൃഷിയിടങ്ങളില്‍ ഒച്ച് ശല്യം രൂക്ഷം
നെടുങ്കണ്ടം: കര്‍ഷകരെ വലച്ച് കൃഷിയിടങ്ങളില്‍ ഒച്ച് ശല്യം രൂക്ഷം. രാത്രിയില്‍ തണുപ്പും ചെറിയ മഴയും എത്തിയതോടെ ആണ് ഒച്ചുകള്‍ വ്യാപകമായി കൃഷിയിടങ്ങളില്‍ ഉണ്ടാകുന്നത്. ഏലം, കുരുമുളക്, കാപ്പി, ഇഞ്ചി, പച്ചക്കറി, വാഴ കര്‍ഷകര്‍ക്കാണ് ഇവ കൂടുതലായി പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചില സ്ഥലങ്ങളില്‍ വലിയ കവചത്തോടുകൂടിയ ഒച്ചുകളാണെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ കുഞ്ഞന്‍ ഒച്ചുകളുമാണ് പെരുകുന്നത്. സന്ധ്യ മുതല്‍ പുലര്‍ച്ച വരെയുള്ള സമയങ്ങളിലാണ് കൃഷിയിടത്തില്‍ ഒച്ചിന്‍കൂട്ടം എത്തുന്നത്. ഏലത്തിന്റെ പൂവും, ഇളം കായുടെ പുറത്തെ നേര്‍ത്ത പാടയും ഒച്ചുകള്‍ അകത്താക്കുന്നതോടെ വിളവുകളെ സാരമായി ബാധിക്കുന്നുണ്ട്. പച്ചക്കറികളിലും മറ്റും ചെറു പൂക്കളും ഇലകളും ഇവ നശിപ്പിക്കും. വാഴയുടെ പോളകളുടെ ഇടയിലും ഏലച്ചെടിയുടെ ഇലകളുടെ ചെറിയ പോളകളുടെ അകത്തുമാണ് ഒച്ച് മുട്ടയിടുന്നത്. രാത്രി കാലത്ത് ആയിരക്കണക്കിന് ഒച്ചുകളാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. സകല ചെടികളെയും ആക്രമിക്കുന്നതോടൊപ്പം പരിസരം വൃത്തിഹീനമാകുന്നു എന്ന പ്രശ്‌നവും ഒച്ചുകളുണ്ടാക്കുന്നുണ്ട്. വീടുകള്‍ക്കുള്ളിലും ഇഴഞ്ഞു കയറുന്നതിനാല്‍ കുട്ടികള്‍ക്ക് അടക്കം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഒച്ചുകളെ തുരുത്താന്‍ രാസവസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണങ്കിലും ഇതിന്റെ വില സാധാരണകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കാര്‍ഷികവിളകളില്‍ ഒച്ചിന്റെ ശല്യം കൂടുതലായി കാണുന്നുണ്ടെങ്കില്‍ പുകയില തുരിശുലായനി തളിക്കുകയോ രണ്ട് മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുകയോ ചെയ്താല്‍ പ്രയോജനപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒച്ചുകള്‍ വ്യാപകമായ സാഹചര്യത്തില്‍ കൃഷി വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കനമെന്നാണ് കര്‍ഷകരുടെ ആവശ്യം.