മീൻ പിടിക്കുന്നതിനിടെ കാണാതായി; രണ്ട് യുവാക്കൾക്കായി ഇന്നലെ നടത്തിയ തിരച്ചിലും വിഫലം
ഉപ്പുതറ ∙ മീൻ പിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ കാണാതായ 2 യുവാക്കൾക്കായി രണ്ടാം ദിവസം നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. മാട്ടുതാവളം സ്വദേശികളായ കുമ്മിണിയിൽ ജോയ്സ്(31), ഇല്ലിക്കൽ പറമ്പിൽ മനു(31) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കാക്കത്തോട് കെട്ടുചിറയ്ക്കു സമീപം ഒഴുക്കൻപാറയിലാണ് അപകടം. വല വീശി മീൻ പിടിക്കാനാണ് മൂന്നംഗ സംഘം സ്ഥലത്ത് എത്തിയത്. ഇതിനിടെ ജോയ്സ് ഒഴുക്കിൽപെട്ടു.
രക്ഷിക്കാനുള്ള ശ്രമത്തിനിടെ മനുവും അപകടത്തിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രതീഷ് അറിയിച്ചതനുസരിച്ച് നാട്ടുകാരും പിന്നീട് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം രാത്രി ഒൻപതോടെ നിർത്തി. ഇന്നലെ രാവിലെ ഒൻപതോടെ അഗ്നിശമന സേനയും സ്കൂബ ടീമും ചേർന്ന് തിരച്ചിൽ പുനരാരംഭിച്ചു.
ഉച്ചകഴിഞ്ഞ് ദുരന്ത നിവാരണ സേനയുടെ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ 20 അംഗ സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇരുവരെയും കാണാതായ മേഖല മുതൽ 5 കിലോമീറ്റർ ദൂരത്തിൽ വരെയാണ് തിരച്ചിൽ നടത്തുന്നത്. കനത്ത മഴയും ശക്തമായ വെള്ളമൊഴുക്കും ശ്രമം ദുഷ്കരമാക്കി. വൈകിട്ട് ആറോടെ നിർത്തിവച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും.
ആർഡിഒ അനിൽ ഉമ്മൻ, പീരുമേട് തഹസിൽദാർ കെ.എസ്.സതീശൻ, ഡപ്യൂട്ടി തഹസിൽദാർ മുഹമ്മദ് ദിലീപ്, വില്ലേജ് ഓഫിസർ എം.പ്രിജിമോൻ, ഉപ്പുതറ എസ്എച്ച്ഒ ആർ.മധു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.