തേയില തോട്ടത്തിൽ വാറ്റ്: 2 പേർ അറസ്റ്റിൽ
ഉപ്പുതറ ∙ വാറ്റു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയുമായി ഏലപ്പാറ പുതുക്കാട്ട് ജയമോൻ(40), ഏലപ്പാറ തുരുത്തേൽ രാജ് ലാൽ(42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ തവാരണ മേഖലയിലെ ആളൊഴിഞ്ഞ തേയിലത്തോട്ടത്തിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ചാരായ വാറ്റ് നടക്കുകയായിരുന്നു. രാവിലെ മുതൽ നിർമിച്ച ചാരായം വിൽപന നടത്താനായി മുഖ്യപ്രതി പോയ സമയത്തായിരുന്നു പരിശോധന.
ഇയാളുടെ സഹായിയായി പ്രവർത്തിച്ചിരുന്നവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 250 മില്ലി ചാരായവും 500 ലീറ്റർ കോടയും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ലോക്ഡൗൺ ആരംഭിച്ചപ്പോൾ മുതൽ ഇവിടെ വാറ്റു കേന്ദ്രം പ്രവർത്തിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്എച്ച്ഒ ആർ.മധുവിന്റെ നിർദേശപ്രകാരം എസ്‌ഐ പി.എൻ.ദിനേശ്, എഎസ്‌ഐമാരായ പി.ദുരൈരാജ്, സെയ്ദ് മുഹമ്മദ്, സിപിഒമാരായ അരവിന്ദ് മോഹനൻ, ഹോം ഗാർഡ് ഒ.പി.സെബാസ്റ്റ്യൻ, താജുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതിയിൽ ഹാജരാക്കി.