അന്തിമ ജോലികള്‍ വൈകുന്നു; വൈദ്യുതി ഭവൻ കാഴ്ചവസ്തു

കെഎസ്‌ഇബിയുടെ നെടുങ്കണ്ടത്തെ വിവിധ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കല്ലാറിലെ മിനി വൈദ്യുതിഭവൻ തുറക്കാൻ ഇനിയും വൈകുമെന്ന് സൂചന. 2.20 കോടി മുതല്‍ മുടക്കില്‍, ഒരുക്കിയ കെട്ടിടത്തിന്‍റെ പെയിന്‍റിംഗ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ജോലികളും ഏതാനും മാസങ്ങള്‍ക്കു മുന്പ് പൂർത്തീകരിച്ചിരുന്നു.
എന്നാല്‍, ഓഫീസുകള്‍ ഇവിടേക്കു മാറ്റാൻ ഇനിയും കാലതാമസം നേരിടുമെന്നാണ് സൂചന. കെട്ടിടത്തിന് ആവശ്യമായ ഇലക്‌ട്രിക്കല്‍, പ്ലംബിഗ് ജോലികള്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല. നിർമാണം ആരംഭിയ്ക്കുന്നതിന് മുന്പ് എസ്റ്റിമേറ്റ് എടുത്തപ്പോള്‍ ഇലക‌്ട്രിക്, പ്ലംബിംഗ് ജോലികളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കെട്ടിട നിർമാണം പൂർത്തീകരിച്ചപ്പോള്‍, ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിൻ പ്രകാരം പുനർ രൂപരേഖ സമർപ്പിച്ചെങ്കിലും ഇതിന് ഇതുവരേയും ഉന്നത ഉദ്യോഗസ്ഥതല അംഗീകാരം ലഭിച്ചിട്ടില്ല. ഉടൻ, അംഗീകാരം ലഭിക്കുമെന്നും നിർമാണം വേഗത്തില്‍ പൂർത്തീകരിയ്ക്കാനാകുമെന്നും കെഎസ്‌ഇബി അധികൃതർ അറിയിച്ചു.
നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലക്സിലെ മുറികളിലാണ് നിലവില്‍ കഐസ്‌ഇബി ഓഫീസ് വാടകയ്ക്കു പ്രവർത്തിക്കുന്നത്. മിനി വൈദ്യുതി ഭവന്‍റെ നിർമാണം പൂർത്തീകരിച്ചെങ്കിലും വൻ തുക വാടക നല്‍കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. നെടുങ്കണ്ടം ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ്, ട്രാൻസ്മിഷൻ ഡിവിഷൻ ഓഫീസ്, ട്രാൻസ്മിഷൻ സബ് ഡിവിഷൻ ഓഫീസ് തുടങ്ങിയ ഓഫീസുകളാണ് വൈദ്യുതി ഭവനിലേക്കു മാറ്റേണ്ടത്.